NEWS

കൊലക്കേസിൽ 39 വർഷം ഒളിവിൽ, രക്ഷയായത് രൂപമാറ്റം; പക്ഷേ, മദ്യവും കുടുംബവഴക്കും കുടുക്കി


പൂയപ്പള്ളി(കൊല്ലം) ∙ സഹോദരീഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 39 വർഷങ്ങൾക്കു ശേഷം പ്രതി അറസ്റ്റിലായെങ്കിലും തുടർ നിയമ നടപടികൾ വൈകാൻ സാധ്യത. വെളിയം പടിഞ്ഞാറ്റിൻകര കോടിയാട്ട് വീട്ടിൽ‌ ചന്ദ്രശേഖര പിള്ളയെ കൊലപ്പെടുത്തിയ കേസിൽ പ്രതി മോഹനൻ പിള്ള (64) കഴിഞ്ഞ ദിവസമാണ് കോട്ടയം കല്ലറയിൽ നിന്ന് അറസ്റ്റിലായത്. കൊലപാതകം കഴിഞ്ഞു 39 വർഷമായതിനാൽ നിയമ വിദഗ്ധരുമായി ആലോചിച്ച ശേഷമാകും തുടർനടപടിയെന്നു പൊലീസ് പറഞ്ഞു. പിടികൂടിയ വ്യക്തി മോഹനൻ പിള്ള തന്നെയെന്നു തെളിയിക്കാൻ ഡിഎൻഎ പരിശോധന നടത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വിദഗ്ധരുമായി ആലോചിച്ചു തീരുമാനിക്കും. ഡിഎൻഎ പരിശോധന വേണ്ടി വന്നാൽ തുടരന്വേഷണത്തിന്റെ ഭാഗമായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങും. ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത മോഹനൻ പിള്ള കൊട്ടാരക്കര സബ്‌ജയിലിലാണ്.1987 ജനുവരി 11 വൈകിട്ട് ആറിനായിരുന്നു കേസിന് ആസ്പദമായ സംഭവം. കേസിൽ ദൃക്സാക്ഷികളും സാക്ഷികളുമായി എട്ടു പേരാണുള്ളത്. ഇതിൽ എത്രപേർ ജീവിച്ചിരിപ്പുണ്ടെന്നതും അവരുടെ ഓർമശക്തിയും അന്വേഷണത്തെ ബാധിക്കും. അമ്മയോടൊപ്പമായിരുന്നു അന്നു മോഹനൻപിളള താമസിച്ചിരുന്നത്. സഹോദരി സരസ്വതിയമ്മയും കുടുംബവും ഇതിനോടു ചേർന്നുള്ള മറ്റൊരു വീട്ടിലായിരുന്നു താമസം. സംഭവദിവസം സഹോദരീഭർത്താവുമായി വഴക്ക് ഉണ്ടായതിനു പിന്നാലെ അയൽവാസിയുടെ വീട്ടിൽനിന്ന് എടുത്തുകൊണ്ടു വന്ന വെട്ടുകത്തി ഉപയോഗിച്ചായിരുന്നു ചന്ദ്രശേഖരൻപിള്ളയെ വെട്ടിക്കൊലപ്പെടുത്തിയത്. മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം വെട്ടുകത്തി സ്വന്തം വീടിനുള്ളിൽ ഒളിപ്പിച്ച ശേഷമാണ് കടന്നു കളഞ്ഞത്.കോട്ടയം കല്ലറയിൽ രാജൻ എന്ന പേരിൽ കഴിയുന്നതിനിടെയാണ് കഴിഞ്ഞ ദിവസം പൂയപ്പള്ളി പൊലീസ് പ്രതിയെ പിടികൂടുന്നത്. വിവാഹിതനായ ഇയാൾക്ക് 2 മക്കളുണ്ട്. തോട്ടംതൊഴിലാളിയായി കല്ലറയിൽ ജോലി ചെയ്യുന്നതിനിടെയാണ് ഒപ്പം ജോലി ചെയ്തിരുന്ന സ്ത്രീയെ വിവാഹം കഴിച്ചത്. അടുത്തിടെ അസുഖബാധിതനായി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടിയപ്പോൾ അവിടെ വച്ച് അപ്രതീക്ഷിതമായി വെളിയം സ്വദേശിയെ കണ്ടതാണ് അന്വേഷണത്തിനു വഴിത്തിരിവായത്. ഇക്കാര്യം മനസ്സിലാക്കിയ പൊലീസ് കോട്ടയം, കല്ലറ, ഏറ്റുമാനൂർ ഭാഗങ്ങളിൽ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.


Source link

Back to top button