NEWS

ജൂഡ്, യു ബ്യൂട്ടി! അസ്ടെക്കയെ നിശബ്ദമാക്കി ഇംഗ്ലണ്ട്


മെക്‌സിക്കൻ ഫുട്ബോളിന്റെ ശ്രീകോവിലായ അസ്‍ടെക്ക സ്റ്റേഡിയം അടുത്ത കാലത്തൊന്നും ഇത്രയും വികാരാർദ്രമായിട്ടുണ്ടാകില്ല. ആതിഥേയരായ മെക്സിക്കോയും ഫേവറിറ്റുകളുടെ കൂട്ടത്തിലുള്ള ഇംഗ്ലണ്ടും എതിരിട്ടപ്പോൾ അവസാന നിമിഷം വരെ ആവേശം നിറ‍ഞ്ഞുനിന്ന ക്ലാസിക് പോരാട്ടങ്ങളിലൊന്നിനാണ് മെക്സിക്കോ സിറ്റിയിലെ ഈ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. മെക്‌സിക്കോയുടെയും ഇംഗ്ലണ്ടിന്റെയും ആരാധകർ മത്സരത്തിനിടെ കടന്നുപോയിട്ടുണ്ടാവുക ഒട്ടേറെ വൈകാരിക നിമിഷങ്ങളിലുടെയാണ്. ഒടുവി‍ൽ അസ്‌ടെക്കയെ നിശ്ശബ്ദമാക്കി, 3–2 വിജയം കുറിച്ച് ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനലിൽ കടന്നു. അവസാന വിസിൽ വരെ വിയർപ്പു ചിന്തി പൊരുതിയ മെക്സിക്കോ നാട്ടുകാരുടെ മുന്നിൽ ലോകകപ്പിൽനിന്നു പുറത്തായി. ഉജ്വല പ്രകടനം നടത്തിയ ജൂഡ് ബെലിങ്ങാമിന്റെ ഇരട്ട ഗോളുകളും (36, 38 മിനിറ്റുകൾ) ക്യാപ്റ്റൻ ഹാരി കെയ്‌നിന്റെ പെനൽറ്റി ഗോളും (60’) ആണ് ഇംഗ്ലണ്ടിനു വിജയമൊരുക്കിയത്. യൂലിയൻ ക്വിനോനസ്(42’). റൗൾ ഹിമെനസ് (69’ പെനൽറ്റി) എന്നിവരുടെ ബൂട്ടുകളിൽനിന്നായിരുന്നു മെക്‌സിക്കോയുടെ ഗോളുകൾ. 11നു മയാമിയിൽ നോർവേക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ ക്വാർട്ടർ ഫൈനൽ.കിക്കോഫിനു മുൻപു തന്നെ ശ്രദ്ധനേടിയ മത്സരമായിരുന്നു ഇത്. 1986ൽ ടൂർണമെന്റിന് ആതിഥ്യം വഹിച്ചശേഷം ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ എത്താത്ത മെക്സിക്കോയ്ക്ക് സ്വന്തം നാട്ടിൽ ആ കുറവ് തിരുത്താനുള്ള ഏറ്റവും മികച്ച അവസരമാണ് ഇതെന്നായിരുന്നു ആരാധകരുടെ വിശ്വാസം. അതേസമയം, 1986ൽ അർജന്റീനയ്ക്കെതിരെ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ കണ്ണീരണിഞ്ഞ ഇംഗ്ലണ്ടിനേറ്റ മുറിവ് ഇപ്പോഴും നോവിപ്പിക്കുന്നതാണ്. മറഡോണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളും ‘നൂറ്റാണ്ടിന്റെ ഗോളും’ പിറന്ന ആ മത്സരത്തിലെ തോൽവി ഇപ്പോഴും ചർച്ചാവിഷയമാണ്.ഇടവേളയ്ക്കു ശേഷം, 54-ാം മിനിറ്റിൽ ഹിസുസ് ഗല്ലാർഡോയെ ടാക്കിൾ ചെയ്തതിന് ഇംഗ്ലണ്ടിന്റെ റൈറ്റ് ബാക്ക് ജാരൽ ക്വാൻസയ്ക്കു നേരെ ചുവപ്പുകാർഡ് ഉയർത്തി. പത്തു പേരായി ചുരുങ്ങിയതോടെ ഇംഗ്ലണ്ട് വിയർക്കാൻ തുടങ്ങി. നിശ്ശബ്ദമായിരുന്ന അസ്‌ടെക്കയിലെ ഗാലറികൾ വീണ്ടും ഉണർന്നു. പക്ഷേ, വിധി മെക്‌സിക്കോയ്ക്ക് അനുകൂലമായിരുന്നില്ല. ആന്റണി ഗോർഡനെ മെക്‌സിക്കൻ ഗോൾകീപ്പർ റൗൾ റാങ്‌ഹേൽ ഫൗൾ ചെയ്തതിന് ഇംഗ്ലണ്ടിനു പെനൽറ്റി ലഭിച്ചു. കിക്കെടുത്ത ഹാരി കെയ്‌ൻ ഇംഗ്ലണ്ടിന്റെ ലീഡ് ഉയർത്തി (3–1). ഈ ലോകകപ്പിൽ ഹാരി കെയ്‌നിന്റെ മൊത്തം ഗോൾ നേട്ടം ആറായി. അധികം വൈകാതെ മെക്സിക്കോയ്ക്കും പെനൽറ്റി കിക്ക് ലഭിച്ചു. അതു വഴങ്ങിയതു കെയ്ൻ ആയിരുന്നു. മെക്‌സിക്കോയുടെ ബ്രയാൻ ഗുട്ടറെസിനെതിരായ കെയ്‌നിന്റെ ടാക്കിൾ ബോധപൂർവമായിരുന്നില്ല. പക്ഷേ, റഫറിയുടെ തീരുമാനം മറിച്ചായി. മെക്‌സിക്കോ ക്യാപ്റ്റൻ റൗൾ ഹിമനെസ് ആ സ്പോട്ട് കിക്ക് വലയിലെത്തിച്ചു (3–2).


Source link

Back to top button