NEWS
ക്രൈംബ്രാഞ്ചിലേക്ക് വഴിതുറന്നത് ഹവാല; പിണറായി ഉൾപ്പെടെയുള്ളവരെ ചോദ്യംചെയ്തേക്കും

തിരുവനന്തപുരം ∙ പ്രതിപക്ഷനേതാവ് പിണറായി വിജയൻ, മുൻമന്ത്രി പി.എ.മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ ഇ.ഡി നൽകിയ കത്തിലെ ഹവാലയുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് വഴിതുറന്നത്. പൊതുപ്രവർത്തകർ നടത്തുന്ന അഴിമതിയിൽ സാധാരണനിലയിൽ വിജിലൻസാണ് അന്വേഷണം നടത്തുക. എന്നാൽ, സംസ്ഥാന പൊലീസ് മേധാവിക്ക് ഇ.ഡി നൽകിയ കത്തിൽ റിയാസുമായി ബന്ധപ്പെട്ടുള്ള ഹവാല ഇടപാടുകൾ സംബന്ധിച്ച അതീവ ഗുരുതര ആരോപണങ്ങളുമുണ്ട്. ഹവാല കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ വിജിലൻസിനാവില്ല. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിക്കാൻ ആലോചനയുണ്ടായത്.അഴിമതിനിരോധന നിയമത്തിലൂന്നിയായിരിക്കും പിണറായിക്കെതിരെ അന്വേഷണം. മകൾ ടി.വീണയിലൂടെ സിഎംആർഎലിൽനിന്ന് അദ്ദേഹം കൈക്കൂലി വാങ്ങിയെന്ന ഇ.ഡി നിഗമനമാകും അന്വേഷിക്കുക. കൈക്കൂലി ആരോപണം തെളിഞ്ഞാൽ, കേസ് വിജിലൻസിനു കൈമാറാൻ സാധ്യതയുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ ചോദ്യംചെയ്തേക്കാം.ഭയമില്ല, ഒരു തെറ്റും ചെയ്തിട്ടില്ല: റിയാസ് സംസ്ഥാന സർക്കാർ നടത്തുന്ന അന്വേഷണത്തെ ഭയക്കുന്നില്ലെന്നും ഒരു തെറ്റും ചെയ്തിട്ടില്ല എന്നതിനാൽ ആത്മവിശ്വാസമുണ്ടെന്നും പി.എ.മുഹമ്മദ് റിയാസ്. രാജ്യത്തു പലയിടത്തും ഇ.ഡിയുടെ അന്വേഷണം, അവരെടുക്കുന്ന മൊഴി, മൊഴിയെടുപ്പു രീതി എന്നിവയെ ബിജെപി ഇതര പാർട്ടികൾ ശക്തമായി എതിർത്തിട്ടുണ്ട്. അക്കൂട്ടത്തിൽ മുൻപന്തിയിലുണ്ടായിരുന്ന പാർട്ടികളിലൊന്നാണു കോൺഗ്രസ്. അവർ ഭരിക്കുന്ന സംസ്ഥാനത്തെ സർക്കാർ, ഇ.ഡി നൽകിയ റിപ്പോർട്ട് വിശ്വാസത്തിലെടുത്ത് അന്വേഷണം പ്രഖ്യാപിച്ചതു സമൂഹം ചർച്ചചെയ്യുമെന്നും റിയാസ് പറഞ്ഞു.
Fashion ⏭️




