NEWS
മുന്ന വധക്കേസ്: മൂന്ന് പ്രതികളെയും വെറുതെവിട്ട് സിബിഐ പ്രത്യേക കോടതി; വിധി 34 വർഷങ്ങൾക്കുശേഷം

കൊച്ചി ∙ കോളിളക്കം സൃഷ്ടിച്ച പാലക്കാട് മുന്ന വധക്കേസിൽ 34 വർഷങ്ങൾക്ക് ശേഷം മൂന്നു പ്രതികളെയും വെറുതെ വിട്ട് എറണാകുളം സിബിഐ പ്രത്യേക കോടതി. കേസിൽ ആരോപണവിധേയരായ മുൻ മണ്ണാർക്കാട് എംഎൽഎയും സിപിഐ നേതാവുമായിരുന്ന പി.കുമാരന്റെ സഹോദരനും അബ്കാരി കോൺട്രാക്ടറുമായ പി.വിജയൻ, കുമാരന്റെ മകൻ പി.കെ.സുധീർ, വിജയന്റെ മാനേജരായിരുന്ന ജോർജ് മംഗളം എന്നിവരെയാണ് കോടതി വെറുതെവിട്ടത്. പ്രതികൾക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കാൻ സിബിഐക്ക് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അതേ സമയം, മുന്നയുടെ മരണം കൊലപാതകം തന്നെയാണെന്നും കോടതി വിലയിരുത്തി. അതേ സമയം, പ്രതികൾക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് തെളിയിക്കാൻ നേരിട്ടുള്ള തെളിവുകളൊന്നുമില്ലെന്ന് കോടതി വിധിന്യായത്തിൽ വ്യക്തമാക്കി. കേസ് പൂർണമായും സാഹചര്യത്തെളിവുകളെ മാത്രമാണ് ആശ്രയിക്കുന്നത്. പ്രോസിക്യൂഷൻ ഉന്നയിച്ച ആരോപണങ്ങളുമായി പ്രതികളെ ബന്ധിപ്പിക്കുന്ന വിശ്വസനീയമായ തെളിവുകളൊന്നും ഹാജരാക്കാൻ സാധിച്ചിട്ടില്ല എന്ന് കോടതി പറഞ്ഞു. പ്രതികൾക്കെതിരെയുള്ള കുറ്റം സംശയരഹിതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാത്തതിനാൽ പ്രതികൾക്ക് സംശയത്തിന്റെ ആനുകൂല്യം നൽകി കുറ്റവിമുക്തരാക്കുന്നു എന്നും കോടതി വ്യക്തമാക്കി. ആദ്യം കേസ് അന്വേഷിച്ച ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും ഇത് ആത്മഹത്യയാണെന്ന നിഗമനത്തിലാണ് എത്തിയത്. പുതിയതായി റേഞ്ച് പിടിച്ച മുന്ന സാമ്പത്തികഭാരം താങ്ങാൻ കഴിയാതെ ആത്മഹത്യ ചെയ്തു എന്നായിരുന്നു ഇവരുടെ വാദം. എന്നാൽ പിന്നീട് മുന്നയുടെ ബന്ധുക്കൾ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് 199ൽ സിബിഐക്ക് കൈമാറിയത്.
Fashion ⏭️


