‘അഭിപ്രായ സ്വാതന്ത്ര്യം മറ്റൊരാളെ താഴ്ത്തിക്കെട്ടാനുള്ള അവസരമായി കാണരുത്’; ജാൻമണിക്കെതിരെ രഞ്ജിനി ഹരിദാസ്

രഞ്ജിനി ഹരിദാസും ജാൻമണിയും
പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ചെന്ന പരാതിയിൽ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ബിഗ് ബോസ് മുൻ താരവുമായ ജാൻമണിക്കെതിരെ കേസെടുത്തതിൽ പ്രതികരിച്ച് രഞ്ജിനി ഹരിദാസ്. രഞ്ജിനിയുടെ സുഹൃത്തും മേക്കപ്പ് ആർട്ടിസ്റ്റുമാണ് ജാൻമണി. ജന്തർ മന്തറിലെ കോക്രോച്ച് ജനതാ പാർട്ടി സമരത്തിൽ രഞ്ജിനിക്കൊപ്പം ജാൻമണിയും പങ്കെടുത്തിരുന്നു.
രഞ്ജിനി ഹരിദാസിന്റെ വാക്കുകൾ
‘ഇത് പറയണോ വേണ്ടയോയെന്ന് കുറേ ആലോചിച്ചു. പറഞ്ഞില്ലെങ്കിൽ ഞാൻ എന്നോടുതന്നെ ചെയ്യുന്ന തെറ്റാകും. നമുക്ക് ദൈവംതന്ന ശബ്ദം എന്തിനുവേണ്ടി ഉപയോഗിക്കുന്നുവെന്നത് പ്രധാനമാണ്. ജാൻമണി വലിയൊരു മണ്ടത്തരം ചെയ്തു. എനിക്ക് നല്ല ദേഷ്യം വന്നു. പറയാനുള്ളത് ജാൻമണിയോട് പറയുകയും ചെയ്തു.
പൊതുസ്ഥലങ്ങളിൽ നിൽക്കുന്നവർ ആലോചിച്ചും കണ്ടും അഭിപ്രായം പറയണം. അഭിപ്രായ സ്വാതന്ത്ര്യം മറ്റൊരാളെ താഴ്ത്തിക്കെട്ടാനുള്ള അവസരമായി കാണരുത്. ജാൻമണി എന്റെ സുഹൃത്താണ്, സ്‌നേഹവുമുണ്ട്. പക്ഷേ ഇതുപോലുള്ള പൊട്ടത്തരം ചെയ്യുമ്പോൾ പ്രതികരിക്കാതിരിക്കാനാവില്ല.
ഒരു റീൽ കണ്ടിട്ടാണ് അറിവില്ലായ്മവച്ച് ജാൻമണി സംസാരിച്ചത്. രാജ്യത്തെ പ്രധാനമന്ത്രിയെക്കുറിച്ച്, അതും അദ്ദേഹത്തിന്റെ കുടുംബത്തെക്കുറിച്ച് സത്യം എന്താണെന്നുപോലും അറിയാതെയാണ് സംസാരിച്ചത്. വിടുവായത്തരം പറഞ്ഞ് തെറിയും വാങ്ങി ബഹിരാകാശത്ത് പോയി.
അവളുടെ ചുറ്റും നിൽക്കുന്ന ഞങ്ങളെയും ഇതെല്ലാം ബാധിക്കുന്നുണ്ട്. കുട്ടികളല്ലല്ലോ? സംസാരിക്കുംമുൻപ് ചിന്തിക്കണ്ടേ? സത്യം എന്താണെന്ന് അറിയാത്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കരുത്. നല്ലൊരു കാര്യത്തെ ജാൻമണി രാഷ്ട്രീയവത്‌കരിച്ചു. പിള്ളേർ നേടിയ വിജയം 24 മണിക്കൂർ പോലും ആഘോഷിക്കാൻ ജാൻമണി എനിക്ക് തന്നില്ല. അവളോട് നല്ല ദേഷ്യം തോന്നി’- എന്നാണ് രഞ്ജിനി പറഞ്ഞത്.
കോഴിക്കോട് സൈബർ പൊലീസാണ് കേസെടുത്തത്. മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിലായിരുന്നു നടപടി. ബിഎൻഎസ് 192, 356 (2), കേരള പൊലീസ് ആക്‌ട് 120 (ഒ) വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സമൂഹത്തിൽ ലഹള ഉണ്ടാക്കണമെന്നും സമാധാനം തകർക്കണമെന്നുമുള്ള ഉദ്ദേശത്തോടെ പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്‌തെന്നാണ് എഫ്‌ഐആറിൽ പറഞ്ഞിരിക്കുന്നത്.
Business ⏭️


