NEWS
ഭാര്യ പറഞ്ഞു; സർവകലാശാല വിദ്യാർഥികൾക്കുനേരെ വെടിയുതിർത്ത് പാക്ക് സൈനികൻ- വിഡിയോ

ഇസ്ലാമാബാദ്∙ ഭാര്യ പറഞ്ഞതിനെത്തുടർന്ന് വിദ്യാർഥി പ്രക്ഷോഭത്തിനുനേരെ വെടിയുതിർത്ത് പാക്കിസ്ഥാൻ സൈനികൻ. ഇസ്ലാമാബാദിലെ സർഹാദ് സർവകലാശാലയിലാണ് സംഭവം. ഫീസ്, ക്ലാസ് സമയക്രമം എന്നിവയുമായി ബന്ധപ്പെട്ട് വകുപ്പ് മേധാവിക്കെതിരെ സർവകലാശാലയിൽ സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്ന വിദ്യാർഥികൾക്കുനേരെയായിരുന്നു സൈനികന്റെ ആക്രമണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞതായി പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ വകുപ്പിലെ സ്റ്റുഡന്റ് അഫയേഴ്സ് മേധാവിയായ ഡോ.ഐന കുട്ടികളെ അനുനയിപ്പിക്കാൻ സ്ഥലത്തെത്തിയെങ്കിലും ഏതാനും വിദ്യാർഥികൾ സമരം അവസാനിപ്പിക്കാൻ തയാറായില്ല. ഇതേത്തുടർന്ന് ഐന തന്റെ ഭർത്താവായ സൈനികനെ വിളിച്ചു വരുത്തുകയായിരുന്നു. കേണലിന്റെയോ ബ്രിഗേഡിയറിന്റെയോ റാങ്കിലുള്ള സൈനിക യൂണിഫോം ധരിച്ചെത്തിയ സൈനികൻ പ്രകോപനമേതുമില്ലാതെ കുട്ടികളെ വടി കൊണ്ട് തല്ലാൻ തുടങ്ങിയതായി വിദ്യാർഥികളിലൊരാൾ പറഞ്ഞു. പിന്നീട് അയാൾ തോക്ക് കൈയിലെടുത്ത് ആകാശത്തേക്ക് വെടിവയ്ക്കുകയും തുടർന്ന് വിദ്യാർഥികൾക്കുനേരെ തോക്കുചൂണ്ടുകയും ചെയ്തു. സൈനികനെതിരെ നടപടി വേണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു. സംഭവത്തിൽ സൈനികനെതിരെ പാക്ക് സൈന്യം അച്ചടക്ക നടപടിയെടുത്തിട്ടുണ്ടെന്നും ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നുമാണ് വിവരം.
Fashion ⏭️


