NEWS

കളർ വസ്ത്രം ധരിച്ച വിദ്യാർഥികൾ ഫുള്‍ ടിക്കറ്റ് എടുക്കണമെന്ന് കണ്ടക്‌ടർക്ക് വാശി; പണത്തിനായി മറ്റ് യാത്രക്കാരോട് യാചിച്ച് വിദ്യാർഥികൾ


ചങ്ങനാശേരി ∙ ‘കണ്ടക്ടർ ചേട്ടാ.. ഓണാഘോഷത്തിന്റെ എല്ലാ ആഹ്ലാദങ്ങളും നിങ്ങൾ തല്ലിക്കെടുത്തി.. ഇനി ഒരു കുട്ടികളോടും ഇങ്ങനെ ചെയ്യരുത്..’ കളർ വസ്ത്രം ധരിച്ച് ബസിൽ കയറിയതിന്റെ പേരിൽ ഫുൾ ടിക്കറ്റ് വേണമെന്ന കണ്ടക്ടറുടെ വാശി കാരണം മുതിർന്ന യാത്രക്കാരോട് പണം യാചിച്ചു വാങ്ങേണ്ടി വന്ന അവസ്ഥ വിവരിക്കുമ്പോൾ സഹോദരങ്ങളായ നീലിമ മനീഷിനും എം.എം.ശ്രീഹരിക്കും ഏറെ സങ്കടം. കൂടെയുണ്ടായിരുന്ന കൂട്ടുകാർക്കും പണത്തിനായി മറ്റ് യാത്രക്കാരുടെ മുൻപിൽ കൈ നീട്ടേണ്ടിവന്നു.സ്കൂളിലെ ഓണാഘോഷത്തിന് യൂണിഫോം നിർബന്ധമില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ വാക്കുവിശ്വസിച്ച് കളർ വസ്ത്രം ധരിച്ചെത്തിയ വിദ്യാർഥികൾക്കാണ് ദുരനുഭവം. 20 വിദ്യാർഥികളാണ് ബസിൽ ഉണ്ടായിരുന്നത്. സ്കൂളിലെ ഓണാഘോഷത്തിനു ശേഷം വീട്ടിലേക്കു പോവുകയായിരുന്നു വിദ്യാർഥികൾ.രാവിലെ മറ്റു സ്വകാര്യ ബസുകളിൽ എസ്‌ടി മാത്രമാണ് ഈടാക്കിയതെന്നും വിദ്യാർഥികൾ പറയുന്നു. സംഭവത്തിൽ എൻഫോഴ്സ്മെന്റ് ആർടിഒയ്ക്ക് നീലിമയുടെയും ശ്രീഹരിയുടെയും അച്ഛൻ വാകത്താനം ചെല്ലിച്ചിറയിൽ മനീഷ് കുമാർ പരാതി നൽകിയിട്ടുണ്ട്. വാകത്താനം പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ന് ബസ് ജീവനക്കാരോട് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം നൽകിയതായി പൊലീസ് പറഞ്ഞു.


Fashion ⏭️

Back to top button