NEWS

കാർ യാത്രികൻ ട്രാഫിക് ബ്ലോക്കിനിടെ കുഴഞ്ഞുവീണു; കെഎസ്ആർടിസി ബസിൽ നിന്നിറങ്ങി ഓടിയെത്തി ജീവൻ രക്ഷിച്ച് നഴ്‌സുമാർ

കാർ യാത്രികനെ സിപിആർ നൽകി രക്ഷിച്ച ആർദ്ര രാജും അഞ്ജലി ബൈജുവും

കൊച്ചി: ട്രാഫിക് ബ്ലോക്കിൽ പെട്ട് കൺമുന്നിൽ ജീവനുവേണ്ടി പിടഞ്ഞ നാപ്പൽത്തിമൂന്നുകാരന് രക്ഷകരായി നഴ്‌സുമാർ. പെരുമ്പാവൂർ സ്വദേശി സിഇ സിനോജ് (43) ആണ് ആരോഗ്യപ്രവർത്തകരുടെ പെട്ടെന്നുള്ള ഇടപെടലിലൂടെ മരണത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്‌. അങ്കമാലി അപ്പോളൊ അഡ്‌ലക്‌സ് ആശുപത്രിയിലെ നേഴ്‌സ് അഞ്ജലി ബൈജു (24), കോതമംഗലം മാർബസേലിയസ് കോളേജിലെ നഴ്‌സിംഗ് വിദ്യാർത്ഥിനി ആർദ്ര രാജ് (22) എന്നിവരാണ് സമയോചിതമായ ഇടപെടലിലൂടെ ഒരു ജീവൻ രക്ഷിച്ചത്.

ബുധനാഴ്ച രാവിലെ എംസി റോഡിൽ കാലടി പാലത്തിന് സമീപമായിരുന്നു സംഭവം. തന്നിപ്പുഴയിൽ ലോട്ടറി കട നടത്തുന്ന സിനോജ് സ്വന്തമായി കാർ ഓടിച്ച് ആശുപത്രിയിലേക്ക് പോകുന്നതിനിടയിലാണ് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടത്. എന്നാൽ റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടായതിനെ തുടർന്ന് വണ്ടി മുന്നോട്ട് എടുക്കാൻ സാധിക്കാതെ സിനോജ് കാറിനുള്ളിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഈ സമയം ഇതേ റൂട്ടിൽ കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്ന അഞ്ജലിയും ആർദ്രയും റോഡിലെ ബഹളം ശ്രദ്ധയിൽപ്പെട്ടതോടെ ഒട്ടും സമയം കളയാതെ ബസിൽ നിന്നും ഇറങ്ങി കാറിനടുത്തേക്ക് ഓടിയെത്തുകയായിരുന്നു.

ബോധരഹിതനായ സിനോജിനെ കണ്ട ഉടൻ ഇരുവരും ചേർന്ന് കാറിനുള്ളിൽ തന്നെ സിപിആർ നൽകാൻ ആരംഭിച്ചു. തുടർന്ന് സിനോജിനെ അങ്കമാലിയിലെ ആശുപത്രിയിൽ എത്തിക്കുന്നത് വരെ കാറിനുള്ളിൽ ഇവർ സിപിആർ നൽകിക്കൊണ്ടേയിരുന്നു. ആശുപത്രിയിൽ എത്തുമ്പോഴേക്കും സിനോജിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ടായിരുന്നതായി ഡോക്ടർമാർ പറഞ്ഞു. വിശദമായ പരിശോധനയിൽ ഹൃദയധമനിയിൽ ബ്ലോക്ക് കണ്ടെത്തിയതിനെ തുടർന്ന് സിനോജിനെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി.

നഴ്‌സുമാർക്കൊപ്പം നാട്ടുകാരുടെ സഹകരണവും സിനോജിന്റെ ജീവൻ രക്ഷിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. സിനോജിന് നെഞ്ചുവേദനയാണെന്ന് മനസിലാക്കിയ ഒരു വഴിയാത്രക്കാരനാണ് ഉടൻ തന്നെ കാറിൽ കയറി സ്റ്റിയറിംഗ് നിയന്ത്രിച്ചത്. നാട്ടുകാർ ട്രാഫിക് ബ്ലോക്കിൽ നിന്നും വണ്ടി മാറ്റാൻ സഹായിക്കുകയും ആംബുലൻസ് സൗകര്യം ഏർപ്പെടുത്തുകയും ചെയ്തു.


Source link
NEWS

Back to top button