NEWS
ഇറാനുമായുള്ള ഇടപാടുകൾ നിർത്തിവച്ച് യുഎഇ: കടുത്ത നിലപാടിലേക്ക് കടക്കുകയാണെന്ന് അറിയിപ്പ്

ദുബായ്∙ ഇറാൻ വിക്ഷേപിച്ച രണ്ടു ബാലിസ്റ്റിക് മിസൈലുകൾ ലക്ഷ്യമിട്ടത് സമുദ്ര ഗതാഗതത്തെയാണെന്ന് വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തിയതിന് പിന്നാലെ, ഇറാനുമായുള്ള എല്ലാത്തരം വ്യാപാര, സാമ്പത്തിക ഇടപാടുകളും അടിയന്തരമായി നിർത്തിവച്ച് യുഎഇ. മേഖലയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാൻ നയതന്ത്ര സംഭാഷണങ്ങൾക്കും സഹകരണത്തിനും രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കുമ്പോൾ തന്നെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ കടുത്ത നിലപാടിലേക്ക് കടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.ഇറാനുമായുള്ള സാമ്പത്തിക ബന്ധങ്ങളുടെ നിലവിലെ അവസ്ഥയെക്കുറിച്ച് പ്രചരിക്കുന്ന തെറ്റായ വാദങ്ങൾ തള്ളിക്കളഞ്ഞ യുഎഇ വിദേശകാര്യ മന്ത്രാലയത്തിലെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് വിഭാഗം ഡയറക്ടർ അഫ്ര അൽ ഹമേലി ഇറാനുമായുള്ള ബിസിനസ്, സാമ്പത്തിക ഇടപാടുകൾ പുനഃപരിശോധനകൾക്ക് വിധേയമായി നിർത്തിവച്ചതായി സ്ഥിരീകരിച്ചു. ഇന്നലെ വൈകിട്ട് 6.52നാണ് യുഎഇയിൽ അടിയന്തര ജാഗ്രതാ മുന്നറിയിപ്പ് സന്ദേശം സൈറൺ മുഴക്കിയത്. ഇറാന്റെ ഭാഗത്തുനിന്ന് രണ്ടു ബാലിസ്റ്റിക് മിസൈലുകൾ രാജ്യത്തിന് നേരെ പാഞ്ഞടുത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. വ്യോമപ്രതിരോധ സേന അടിയന്തരമായി ഇടപെട്ട് മിസൈലുകൾ പ്രതിരോധിച്ചു. ഇതിൽ ഒരു മിസൈൽ യുഎഇയുടെ ഭൗമ അതിർത്തിക്ക് പുറത്തും രണ്ടാമത്തേത് രാജ്യത്തിന്റെ സമുദ്ര അതിർത്തിക്കുള്ളിലുമാണ് പതിച്ചത്.
Fashion ⏭️


