NEWS

രാത്രിയിൽ പ്രസവ വേദനയുമായി റോഡരികിൽനിന്ന യുവതിയുടെ അരികിലേക്ക് മാലാഖയായി ലിറ്റി ജോയി എത്തി…


പാലാ∙ കനത്ത മഴയ്ക്കും വെള്ളക്കെട്ടിനുമിടയിൽ രാത്രിയിൽ പ്രസവവേദനയുമായി റോഡരികിൽ നിന്ന് ഒരു യുവതി കൈ കാണിച്ചിട്ടും പല വാഹനങ്ങളും നിർത്താതെ പോയപ്പോൾ മുന്നിലേക്ക് മാലാഖയായി കാർ ഓടിച്ചു എത്തിയത് ഒരു നഴ്‌സ്. യുവതിയുടെ പ്രസവവേദന തിരിച്ചറിഞ്ഞ നഴ്സ് ഒട്ടും സമയം കളയാതെ അവരെ കാറിൽ കയറ്റി മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചു. മുക്കാൽ മണിക്കൂറിനകം വാഗമൺ സ്വദേശിയായ യുവതി പെൺകുഞ്ഞിനു ജന്മം നൽകി. കോട്ടയത്ത് ആശുപത്രിയിലേക്ക് പോകാനായി വാഹനങ്ങൾക്ക് സഹായം അഭ്യർഥിച്ചു നിന്ന യുവതിയുടെയും കുടുംബാംഗങ്ങളുടെയും മുന്നിലേക്കു കാർ ഓടിച്ചെത്തിയത് മാർ സ്ലീവാ മെഡിസിറ്റിയിലെ തന്നെ ഗൈനക്കോളജി വിഭാഗം നഴ്‌സ് ലിറ്റി ജോയി ആയിരുന്നു.വഴിമധ്യേ പ്രസവിക്കാൻ സാധ്യതയുണ്ടായിരുന്ന യുവതിയെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ച് അമ്മയുടെയും കുഞ്ഞിയും ജീവൻ സുരക്ഷിതമാക്കി രക്ഷാപ്രവർത്തനം നടത്തിയ വിവരം നഴ്സ് ലിറ്റി ആരോടും പറഞ്ഞിരുന്നില്ല. പിറ്റേദിവസം ഓഫ് ആയിരുന്നതിനാൽ ഒരു ദിവസത്തിനു ശേഷമാണ് ഗൈനക്കോളജി വിഭാഗത്തിൽ ലിറ്റി ഡ്യൂട്ടിക്ക് എത്തിയത്. പ്രസവശേഷം മുറിയിൽ വിശ്രമിക്കുന്ന യുവതിയും കുടുംബാംഗങ്ങളും ലിറ്റിയെ കണ്ട് ആശ്ചര്യപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ഗൈനക്കോളജി വിഭാഗത്തിലെ നഴ്സ് തന്നെയായിരുന്നു തന്റെ മുന്നിലെത്തി രക്ഷാപ്രവർത്തനം നടത്തിയതെന്നു യുവതിക്കും അപ്പോഴാണ് മനസ്സിലായത്. തങ്ങളുടെ മുന്നിലേക്ക് ദൈവദൂതയെപ്പോലെ ലിറ്റി എത്തുകയായിരുന്നുവെന്ന് പ്രസവം കഴിഞ്ഞ വാഗമൺ സ്വദേശിയായ യുവതിയും കുടുംബാംഗങ്ങളും പറഞ്ഞു.അവസരോചിതമായ ഇടപെടലിലൂടെ മാതൃകയായ നഴ്സ് ലിറ്റി ജോയിയെ ആശുപത്രി മാനേജ്മെന്റ് അനുമോദിച്ചു. മാഞ്ഞൂർസൗത്ത് കലയന്താനം കുടുംബാംഗമാണ് ലിറ്റി ജോയി. യുവതിയുടെ കുടുംബാംഗങ്ങളും ആശുപത്രിയിൽ എത്തി ലിറ്റി ജോയിക്കു അനുമോദനം നൽകി. ആശുപത്രി മാനേജിങ് ഡയറക്ടർ ആൻഡ് സിഇഒ ഫാ.മാത്യു തെക്കേൽ, അസോ.ഡയറക്ടർമാരായ ഡോ.ജോസഫ് കരികുളം, ഫാ.ജോസ് കീരഞ്ചിറ, ഫാ.ഗർവാസീസ് ആനിത്തോട്ടത്തിൽ, ഫാ.മാത്യു ചേന്നാട്ട്, ഫാ.മാത്യു തുരുത്തിപ്പള്ളിൽ, ചീഫ് നഴ്സിങ് ഓഫീസർ ഷിനി തോമസ്, ഡപ്യൂട്ടി നഴ്സിങ് സൂപ്രണ്ട് സുബി മാത്യു തുടങ്ങിയവർ പങ്കെടുത്തു.


Fashion ⏭️

Back to top button