NEWS

സുകുമാരക്കുറുപ്പ് വിദേശത്ത്? ബ്രൂണെയിൽ എന്ന് വാദം, ചിത്രം പുറത്ത്


തിരുവനന്തപുരം∙ കൊലക്കേസ് പ്രതി സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ഒളിവിൽ താമസിക്കുന്നു എന്ന അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്. കേസ് അന്വേഷിച്ച മുൻ ഉദ്യോഗസ്ഥൻ അലി അക്ബറാണ് സുകുമാരക്കുറുപ്പിനോട് സാദൃശ്യമുള്ള ആളെ കണ്ടെത്തിയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്. കുറുപ്പിനോട് സാമ്യമുള്ള ആളിന്റെ ഫോട്ടോയും പുറത്തുവിട്ടു. എന്നാൽ അവകാശവാദങ്ങൾ പൊലീസ് തള്ളി. കുറുപ്പ് മരിച്ചെന്ന നിഗമനത്തിലാണ് പൊലീസ്.‘കുറുപ്പ് താമസിക്കുന്ന വീടിനെക്കുറിച്ചും പോകുന്ന ഹോട്ടലിനെക്കുറിച്ചും വിശ്വസനീയമായ വിവരം ലഭിച്ചിട്ടുണ്ട്. 2023ൽ എടുത്ത ഫോട്ടോയും ലഭിച്ചു. അന്വേഷണ ഏജൻസികൾക്ക് സഹായകരമായ വിവരങ്ങളാണ് ഞാൻ പങ്കുവച്ചത്. അത് സത്യമാണെന്നാണ് വിശ്വാസം’–അലി അക്ബർ മനോരമ ന്യൂസിനോട് പറഞ്ഞു. സുകുമാരക്കുറുപ്പ് നാട്ടിലുള്ള ബന്ധുക്കളെ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അതിന്റെ തെളിവുകൾ അധികൃതർക്ക് നൽകിയതായും അലി അക്ബർ അവകാശപ്പെട്ടു. ഉന്നത ഉദ്യോഗസ്ഥരുടെ സമ്മർദം കാരണമാണ് അന്വേഷണം മുന്നോട്ടുപോകാത്തതെന്നും അലി അക്ബർ പറയുന്നു.കുറുപ്പിന്‍റെ ഭാര്യ ഉള്‍പ്പടെയുള്ളവർക്കും അദ്ദേഹവുമായി ഒരു ബന്ധവുമില്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്‍റെയെല്ലാം അടിസ്ഥാനത്തിലാണ് കുറുപ്പ് ജീവനോടെയില്ലെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം എത്തിയത്. ഇൻഷുറന്‍സ് തുക തട്ടിയെടുക്കാനായി 1984 ജനുവരി 22ന് പുലര്‍ച്ചെയാണ് ചാക്കോ എന്ന യുവാവിനെ കുറുപ്പും ബന്ധുവും ശ്വാസംമുട്ടിച്ചു കൊന്ന് കാറിലിട്ട് കത്തിച്ചത്.


Fashion ⏭️

Back to top button