കെ.എസ്.യുക്കാരെ വിലക്കിയ കാലം ഉണ്ടായിരുന്നു: നീലൻ

തിരുവനന്തപുരം: കെ എസ് യു പ്രവർത്തകരെ കോൺഗ്രസ് ഓഫീസുകളിൽ പ്രവേശിപ്പിക്കാതിരുന്ന കാലമുണ്ടായിരുന്നുവെന്ന് ആദ്യ കാല കെ .എസ് .യു നേതാവും മുൻ മന്ത്രിയുമായ ഡോ.എ നീലലോഹിതദാസൻ നാടാർ. അത്തരമൊരു കാലഘട്ടത്തിലാണ്
എം. എം ഹസനും പി. സി. ചാക്കോയും കെ. ശങ്കരനാരായണ പിള്ളയും ചേർന്ന് ജില്ലയിൽ
കെ .എസ് .യു സംഘടിപ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ. ശങ്കരനാരായണ പിള്ളയുടെ അഞ്ചാം അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നീലൻ. വളരെ ചെറുപ്പത്തിലെ പക്വതയോടെ പ്രശ്നങ്ങളെ സമീപിക്കാൻ ശങ്കരനാരായണ പിള്ളക്ക് കഴിഞ്ഞിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.സി .പി. എം ജില്ലാ സെക്രട്ടറി വി .ജോയി സമ്മേളനം ഉദ്ഘാടനം ചെയ്തു. സൗമ്യനായ രാഷ്ട്രീയ നേതാവായിരുന്ന ശങ്കരനാരായണ പിള്ള പുതിയ തലമുറക്ക് മാതൃകയാണ്. അനാവശ്യമായി ഒരു കാര്യത്തിലും ഇടപ്പെട്ടിരുന്നില്ല. ലാളിത്യവും വിനയവുമായിരുന്നു അദ്ദേഹത്തെ വേറിട്ട് നിറൂത്തിയതെന്നും ജോയി പറഞ്ഞു.
അഡ്വ.പി. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. എൻ.സി.പി (എസ് പി ) സംസ്ഥാന ജനറൽ സെക്രട്ടറി കെ .ആർ രാജൻ, ആനാട് ജയൻ, സൂപ്പി പള്ളിയാൽ,പുലിപ്പാറ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ഇടക്കുന്നിൽ മുരളി സ്വാഗതവും ഡി. വിജയകുമാർ നന്ദിയും പറഞ്ഞു.

