NEWS
‘അവൻ ചാവുന്നെങ്കിൽ ആയിക്കോട്ടെ’: യുവാക്കളെ ജീപ്പിടിപ്പിച്ചു കൊല്ലാൻ ശ്രമിച്ചെന്ന് ആരോപണം; പൊലീസുകാരുടെ സംഭാഷണം പുറത്ത്

തൃശൂർ ∙ പുതുക്കാട്ടെ തട്ടുകടയിൽ അടിപിടിയുണ്ടാക്കിയതിനു പിന്നാലെ യുവാക്കളെ പൊലീസ് ജീപ്പിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണത്തിൽ പൊലീസുകാരുടെ ശബ്ദരേഖ പുറത്തുവിട്ട് പരുക്കേറ്റ യുവാവിന്റെ അമ്മ. ‘വെള്ളത്തിലേക്കു വണ്ടിയിട്ട കാര്യം സിഐയോടു പറയേണ്ട. അവൻ ചാവുകയാണെങ്കിൽ ആയിക്കോട്ടെ’ എന്നു പൊലീസുകാർ തമ്മിൽ പറയുന്നതു ശബ്ദരേഖയിൽ കേൾക്കാം. തന്റെ മകൻ അമലിനെയും സുഹൃത്തുക്കളെയും കൊലപ്പെടുത്താൻ ശ്രമിച്ച പൊലീസുകാർക്കെതിരെ വധശ്രമത്തിനു കേസെടുക്കണമെന്ന ആവശ്യവുമായി എഡിജിപിക്ക് അമ്മ കല്ലൂർ ഇഞ്ചോടി പ്രസന്ന സമർപ്പിച്ച പരാതിക്കൊപ്പമാണ് ശബ്ദസന്ദേശമുള്ളത്. അമലിന്റെ ഫോണിൽ പതിഞ്ഞതാണു ശബ്ദസന്ദേശം.ജൂലൈ 19നു രാത്രിയിലായിരുന്നു സംഭവം. ലോകകപ്പ് ഫൈനൽ കാണാനിറങ്ങിയ അമൽ, വിഷ്ണു, അഭിഷേക് എന്നിവർ പുതുക്കാട് സെന്ററിൽ തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോൾ മറ്റൊരു സംഘവുമായി അടിപിടിയുണ്ടായി. പൊലീസ് ഇവരെ അന്വേഷിച്ചു വീട്ടിലെത്തിയെങ്കിലും യുവാക്കൾ വീട്ടിലുണ്ടായിരുന്നില്ല. യുവാക്കളുടെ ഇരുചക്രവാഹനങ്ങൾ പൊലീസ് തോട്ടിലെറിഞ്ഞെന്ന് അമ്മയുടെ പരാതിയിലുണ്ട്. അമലിന്റെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ ഫോണിൽ അബദ്ധത്തിൽ റെക്കോർഡ് ആയ ക്ലിപ്പിലാണു പൊലീസുകാർ ജീപ്പിലിരുന്നു സംസാരിക്കുന്നതിന്റെ വിശദാംശങ്ങൾ ലഭിച്ചത്. പൊലീസുകാർക്കെതിരെ പരാതി നൽകിയിട്ടും വരന്തരപ്പിള്ളി പൊലീസ് കേസെടുക്കുന്നില്ലെന്നും പ്രസന്നയുടെ പരാതിയിൽ പറയുന്നു.
Fashion ⏭️




