NEWS

സ്‌നേഹസാഗരമാണ് ജാനകിയമ്മ: മോഹൻലാൽ

തിരുവനന്തപുരം: എല്ലാവരെയും സമഭാവനയോടെ കാണുന്ന ശാന്തശീലയായ അമ്മമനസ്സിനുടമയായിരുന്നു എസ്. ജാനകിയെന്ന് മോഹൻലാൽ . തന്റെ ആദ്യചിത്രമായ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ലെ ഗാനങ്ങൾ പാടിയ ഗായിക എന്ന നിലയിൽ ജാനകിയമ്മയോട് ഒരിക്കലും മറക്കാനാവാത്ത കടപ്പാടുണ്ടെന്നും അനുസ്മരണ കുറിപ്പിൽ പറഞ്ഞു.

സാമൂഹികമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിങ്ങനെ:

‘ഭാരതത്തിന്റെ ഗാനകോകിലം ജാനകിയമ്മ നമ്മെ വിട്ടു പിരിഞ്ഞു. ഒരു കാലഘട്ടം മുഴുവൻ മലയാളവും ഹിന്ദിയുമടക്കമുള്ള ഭാഷകളിൽ എത്രയെത്ര ഹൃദയഹാരികളായ ഗാനങ്ങൾ സമ്മാനിച്ച സ്‌നേഹസാഗരമാണ് ജാനകിയമ്മ. മലയാളി മനസ്സുകളിൽ തേനും വയമ്പും നിറച്ച, കാലാതീതമായ ഒട്ടേറെ ഗാനങ്ങൾ സംഭാവന ചെയ്ത അനുഗ്രഹീത ഗായിക.

എന്റെ ആദ്യചിത്രമായ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ’ ഗാനങ്ങൾ പാടിയ ഗായിക എന്ന നിലയിൽ ഒരിക്കലും മറക്കാനാവാത്ത കടപ്പാടാണ് ജാനകിയമ്മയോട് ഉള്ളത്. സന്തോഷവും വിഷാദവും കുട്ടിത്തവും ഉൾപ്പെടെയുള്ള എല്ലാ മനുഷ്യഭാവങ്ങൾക്കും ജാനകിയമ്മ മധുരസ്വരം പകർന്നു നൽകി. ജാനകിയമ്മ ആലപിച്ച ഒട്ടനവധി ഗാനരംഗങ്ങളുടെ ഭാഗമാകാൻ എനിക്ക് ഭാഗ്യമുണ്ടായി.

എല്ലാവരെയും സമഭാവനയോടെ കാണുന്ന, ശാന്തശീലയായ അമ്മമനസ്സിനുടമയായിരുന്നു അവർ. വ്യക്തിപരമായി എനിക്ക് ഏറെ അടുപ്പമുണ്ടായിരുന്നു ജാനകിയമ്മയുമായി. അമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.’

മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ ജെറി അമൽദേവിന്റെ സംഗീതത്തിൽ മഞ്ഞണിക്കൊമ്പിൽ, മിഴിയോരം എന്നീ പാട്ടുകൾ ആലപിച്ചത് എസ്. ജാനകിയാണ്. മിഴിയോരം ജാനകിയുടെ എക്കാലത്തേയും ജനപ്രിയ ഗാനങ്ങളിലൊന്നായി മാറി. മോഹൻലാലിന്റെ നൂറാമത്തെ ചിത്രമായ ‘എന്നിഷ്ടം നിന്നിഷ്ടം’ എന്ന ചിത്രത്തിലെ ഇളംമഞ്ഞിൽ കുളിരുമായൊരു കുയിൽ എന്ന സൂപ്പർഹിറ്റ് ഗാനവും എസ്.ജാനകിയുടേതാണ്.

Read News ⏭️

Back to top button