NEWS

കുടുംബവഴക്ക്, പിന്നാലെ വീടുവിട്ടിറങ്ങി, കയ്യിലെ പണം തീർന്നതോട സഹോദരനെ തേടി വിളിയെത്തി; കാണാതായ പൊലീസുകാരനെ കണ്ടെത്തി


കൊച്ചി ∙ ഒരാഴ്ച മുമ്പ് വീട്ടിൽ നിന്ന് പോയ വടക്കേക്കര പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറെ തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ നിന്ന് കണ്ടെത്തി. മുനമ്പം കുഴുപ്പിള്ളി തുണ്ടിപ്പുറം സ്വദേശിയായ അൻജിതിനെ (41) കസ്റ്റഡിയിലെടുത്ത മുനമ്പം പൊലീസ് കോടതിയിൽ ഹാജരാക്കും. കുടുംബവഴക്കിനെ തുടർന്നാണ് ജൂലൈ 25ന് അൻജിത് വീടു വിട്ടിറങ്ങിയത്. മുൻപും വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അൻജിത് മാറിനിൽക്കാറുണ്ടെങ്കിലും ഫോൺ ഓഫാക്കാറില്ലായിരുന്നു. എന്നാൽ ഇത്തവണ ഫോൺ സ്വിച്ച് ഓഫാകുകയും വിവരമൊന്നുമില്ലാതിരിക്കുകയും ചെയ്തതോടെ ഭാര്യ ഗ്രീഷ്മ (29) മുനമ്പം പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് കേസ് റജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.അന്വേഷണത്തിന്റെ തുടക്കത്തിൽ അൻജിത് കൊടുങ്ങല്ലൂരിലേക്കാണ് പോയതെന്ന് കണ്ടെത്തിയിരുന്നു. അദ്ദേഹം സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവറിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. അതിനിടെ, വഴിയാത്രക്കാരുടെ ഫോൺ വാങ്ങി സഹോദരനെയും സുഹൃത്തുക്കളെയും വിളിച്ച് താൻ സുരക്ഷിതനാണെന്നും കഴിഞ്ഞ തിങ്കളാഴ്ച തിരിച്ചെത്തുമെന്നും അറിയിച്ചിരുന്നെങ്കിലും തിരിച്ചെത്തിയില്ല. ഒരു പൊലീസ് ഉദ്യോഗസ്ഥനായതിനാൽ തന്നെ പൊലീസിന്റെ അന്വേഷണ രീതികളും വഴികളും നന്നായി അറിയാവുന്ന അൻജിത്, തന്നെ കണ്ടെത്താനുള്ള വഴികളെല്ലാം മനഃപൂർവം ഒഴിവാക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. തന്റെ ഫോൺ വണ്ടിക്കടിയിൽപ്പെട്ട് കേടായി എന്നാണ് മുനമ്പം പൊലീസ് ഉദ്യോഗസ്ഥരോട് അൻജിത് പറഞ്ഞത്.


Fashion ⏭️

Back to top button