NEWS

പതിമൂന്നുകാരി ക്വട്ടേഷൻ നൽകി മുത്തച്ഛനെ കൊലപ്പെടുത്തി! വൈറൽ വിഡിയോ യുവാവിന്റെ ജീവനെടുത്തു; മക്കൾ ഡിജിറ്റൽ കെണിയിൽ; രക്ഷപ്പെടുത്തേണ്ടേ?


ആലപ്പുഴയിൽ പതിമൂന്നുകാരി, മൂന്നു കൗമാരക്കാർക്ക് ക്വട്ടേഷൻ നൽകി മുത്തച്ഛനെ കൊലപ്പെടുത്തിയ വാർത്തയിൽ ഞെട്ടിയിരിക്കുകയാണ് കേരളം. ഗർഭിണിയാണെന്ന വിവരം ഭർത്താവിൽ നിന്നു മറച്ചുവച്ച് കരിയിലക്കുളങ്ങരയിലെ യുവതി ജനിച്ച കുഞ്ഞിനെ ചവറുകൂനയിൽ എറിഞ്ഞു കൊന്നത് കാമുകനൊപ്പം ജീവിക്കാനായിരുന്നു എന്ന മറ്റൊരു സമീപകാല വാർത്തയും മലയാളികളെ സ്തബ്ധരാക്കി. യുവതി അറസ്റ്റിലായതോടെ കഥ മാറി.  ഫേക്ക് ഐഡിയിലൂടെ ക്രിയേറ്റ് ചെയ്തതാണ് കാമുകനെ എന്ന സത്യം എഴുതിവച്ച് ബന്ധുക്കളായ രണ്ട് പെൺകുട്ടികൾ ആറ്റിൽ ചാടി ജീവനൊടുക്കി. 2024ൽ കോടതി യുവതിക്ക് 10 വർഷം കഠിനതടവ് വിധിച്ചു. ഫോണിലെ കാമുകൻ വെറും തമാശയായിരുന്നുവെന്ന കൂട്ടുകാരികളുടെ മരണമൊഴി പോലും വിശ്വസിക്കാൻ പറ്റാത്ത വിധം അഡിക്ടായിരുന്നു ആ യുവതി.   സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നിർദയമായ കോടതിമുറികളാകുന്നതും നാം കണ്ടു. ഒരു സ്ത്രീ, ഒരു പരാതിയും ഫയൽ ചെയ്യാതെ ഒരു പുരുഷനെതിരെ  ആരോപണം ഉന്നയിച്ച് വിഡിയോ അപ് ലോഡ് ചെയ്തു. അത് വൈറലായി, മാനനഷ്ടം ഭയന്ന് പുരുഷൻ ആത്മഹത്യ ചെയ്തു. പിന്നീട് സ്ത്രീ അറസ്റ്റിലായി. ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ, മൊബൈൽ ഫോൺ വില്ലനാകാതിരിക്കാൻ ചിലതു ചെയ്തേ തീരൂ.  മൊബൈൽ ഫോണും ഡിജിറ്റൽ ലോകവും ആപ്പുകളും സൃഷ്ടിക്കുന്ന ദുരന്തങ്ങൾ ഓരോ ദിവസവും കൂടി വരികയാണ്. അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് കുട്ടികളെ ആണ്. സ്ക്രീനിൽ നമ്മളെ കുരുക്കിയിടുന്ന ഫോണും സോഷ്യൽ മീഡിയയും നമ്മുടെ തലച്ചോറിലെ ഡോപമിന്റെ അളവിനെ നിയന്ത്രിക്കും. ഭക്ഷണം, ഉറക്കം എന്നിവ മറന്ന് അതിൽ ലയിക്കും. സ്വയം മറന്നു നോട്ടിഫിക്കേഷനായി കാത്തിരിക്കും. സമയം പാഴാക്കും. ഇതിന്റെയെല്ലാം ആഘാതം നാം ചിന്തിക്കുന്നതിലും വളരെ വലുതാണ്. തടസ്സപ്പെടുന്ന ഉറക്കം, അകന്നുപോകുന്ന ബന്ധങ്ങൾ, എപ്പോഴും തിരക്കാണെങ്കിലും ഒന്നും നേടിയില്ലെന്ന ശൂന്യതാബോധം എന്നിവയെല്ലാം അതിന്റെ ഭാഗമായി ഉണ്ടാകും. പഠനം താറുമാറാകും  ക്ലാസ് റൂമിൽ ഇരിക്കുമ്പോഴും മനസ്സുകൊണ്ട് സ്വന്തം സ്ക്രീനിൽ ഒഴുകിനീങ്ങും. ഇൻസ്റ്റഗ്രാം, സ്നാപ്ചാറ്റ് എന്നിവയിൽ സമയം ചെലവഴിക്കുമ്പോൾ, കുട്ടികളുടെ ശ്രദ്ധ തെറ്റും. ദിവസത്തിൽ മൂന്നിലൊന്ന് സമയവും സ്ക്രീനിൽ നോക്കിയിരുന്ന കുട്ടിക്ക് പഠിക്കാനോ കളിക്കാനോ താൽപര്യം ഉണ്ടാകണമെന്നില്ല. ഓരോ നോട്ടിഫിക്കേഷനുകളും ഏകാഗ്രത തകർക്കുന്നതാകും. സ്ക്രീനിലെ നീലവെളിച്ചം ഉറക്കത്തെ ബാധിക്കുന്നതുകൊണ്ട് ക്ഷീണമുണ്ടാകും. അവർ പ്രകോപിതരും ഏകാഗ്രതയും ക്ഷമയും ഇല്ലാത്തവരുമായി മാറും. സ്ക്രോളും, ലൈക്കും പിന്തുടരുന്നതിലൂടെ ആഴമേറിയ കാര്യങ്ങൾ ഗ്രഹിക്കാനുള്ള കഴിവും ഇല്ലാതാകും. സ്വാഭാവികമായും അക്കാദമിക് നേട്ടങ്ങളിൽ പിന്നിലാവും.  അപകടസൂചനകൾ മാതാപിതാക്കളുടെ കൺമുന്നിൽ ഉണ്ട്. ഉറക്കമില്ലായ്ക, ഫോൺ മാറ്റുമ്പോഴുള്ള രോഷം, ഹോബികളിലും കുടുംബത്തോടൊപ്പം പെരുമാറാനുമുള്ള താൽപര്യക്കുറവ്, ഓൺലൈനിൽ ചെയ്യുന്നവ രഹസ്യമാക്കാനുള്ള വ്യഗ്രത എന്നിവയെല്ലാം അതിൽ പെടും. ഇതേ സൂചനകൾ അധ്യാപകർക്കും കണ്ടെത്താനാവും. ശ്രദ്ധക്കുറവ്, അസ്വസ്ഥത, കൂട്ടുകാരോട് ഇടപഴകാതിരിക്കൽ, പരീക്ഷകൾ എഴുതാതിരിക്കൽ എന്നിവയൊക്കെ ഉദാഹരണം. സ്ക്രീൻ മാറ്റുമ്പോൾ ഉത്കണ്ഠയോ അക്രമവാസനയോ കാട്ടുന്നത് പ്രശ്നം ഗുരുതരമാണെന്നതിന്റെ ലക്ഷണമാണ്. ഇതിന്റെയൊക്കെ ഫലമായാണ് സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായപരിധി നിശ്ചയിക്കാൻ 2025-26 ലെ സാമ്പത്തിക സർവേ ആഹ്വാനം ചെയ്തിരിക്കുന്നത്.  എന്താണ് ചെയ്യാനാകുക? ഇവിടെ പരിഹാരം സാങ്കേതികവിദ്യയെ തിരസ്കരിക്കുകയല്ല. ഡിജിറ്റൽ ജീവിതം മനുഷ്യത്വത്തെയും സാമൂഹിക ജീവിതത്തെയും തകർക്കാനല്ല, സേവിക്കാനാണ് എന്ന് ഉറപ്പുവരുത്തുകയാണു ചെയ്യേണ്ടത്. മാതാപിതാക്കളും അധ്യാപകരും സ്ഥിരമായി കുട്ടികളുമായി ആശയവിനിമയം നടത്തണം. സംസാരിക്കുമ്പോൾ ഡിജിറ്റൽ ഉപകരണങ്ങൾ മാറ്റിവയ്ക്കുക, വ്യക്തമായ അതിർവരമ്പുകൾ നിശ്ചയിക്കുക, കുട്ടികളിൽ നാം പ്രതീക്ഷിക്കുന്ന ശീലങ്ങൾ സ്വന്തം ജീവിതത്തിൽ മാതൃകയാക്കി കാണിച്ചുകൊടുക്കുകയും വേണം. നമ്മുടെ ഓരോ സ്ക്രോളും ലൈക്കും ഷെയറും അവർക്കു ചരക്കുകളാണ്. കൃത്യം ലക്ഷ്യം വെച്ചുള്ള പരസ്യത്തിനും (hyper-targeted ads) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രൊഫൈലിങ്ങനും വേണ്ടി അവ വിൽക്കുന്നു. പരസ്യങ്ങൾക്കായി ഡേറ്റ പങ്കിടുന്നതിനെ 67% പേരും എതിർക്കും. പക്ഷേ, നമ്മൾ സ്ക്രോളിങ് തുടരും. നമുക്ക് ആശങ്കയുണ്ട്, പക്ഷേ പ്രതികരിക്കില്ല. ഇവിടെ നമ്മൾ ഒരേസമയം ഉൽപന്നവും ഉപഭോക്താവുമാണ്.


Fashion ⏭️

Back to top button