NEWS

‘ഇന്നു രാത്രിയും കരുതൽ വേണം, മിന്നൽ പ്രളയസാധ്യത’; പത്തനംതിട്ടയിൽ കനത്ത ജാഗ്രത


പത്തനംതിട്ട ∙ ഇന്നലെ രാത്രിയിലും ഇന്ന് പകലും വലിയതോതിൽ മഴ പെയ്തില്ലെങ്കിലും ഇപ്പോൾ ലഭിക്കുന്ന കാലാവസ്ഥാ മുന്നറിയിപ്പു പ്രകാരം ഞായറാഴ്ച രാത്രി പത്തനംതിട്ടയിൽ കനത്ത ജാഗ്രത വേണമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്. പത്തനംതിട്ട ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനങ്ങളുടെ ഏകോപന ചുമതലയുള്ള മന്ത്രി പി.സി. വിഷ്ണുനാഥ് മാധ്യമങ്ങളോടാണ് തനിക്കു ലഭിച്ച കാലാവസ്ഥാ മുന്നറിയിപ്പു പങ്കുവച്ചത്. “ഇന്ന് ഒരു രാത്രി കൂടി ആശങ്കയുടേതാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പു പ്രകാരം പമ്പയിൽ അതിതീവ്ര മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്. ഈ അവസരത്തിൽ രാഷ്ട്രീയ വേർതിരിവ് കാണിക്കാതെ ഒന്നിച്ച് നിൽക്കണം’’ – അദ്ദേഹം പറഞ്ഞു.ജില്ലയിലെ പ്രളയ സാധ്യതയുള്ള സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകുമെന്നും ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റുമെന്നും മന്ത്രി പറഞ്ഞു. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും നദീജലനിരപ്പ് ഉയർന്നാൽ അപകടത്തിലാവാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ഉള്ളവരും ജാഗ്രത പാലിക്കണം. അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ടയിൽ നിലവിൽ 95 ക്യാംപുകളാണ് പ്രവർത്തിക്കുന്നത്. 3568 പേർ ഈ ക്യാംപുകളിലുണ്ട്.


Fashion ⏭️

Back to top button