NEWS
‘യുവാക്കൾ രാജ്യത്തിന്റെ നിധി’; വിദ്യാർഥി സമരത്തെ പിന്തുണച്ച് മമ്മൂട്ടിയും മഞ്ജു വാരിയരും

കൊച്ചി∙ നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് വിദ്യാർഥികൾ നടത്തുന്ന പ്രക്ഷോഭത്തെ പിന്തുണച്ച് അഭിനേതാക്കളായ മമ്മൂട്ടിയും മഞ്ജു വാരിയരും. രാജ്യത്തിന്റെ നിധിയാണ് യുവാക്കളെന്നും അവരുടെ ശബ്ദം കേൾക്കണമെന്നും അവരെ സംരക്ഷിക്കുകയും ശാക്തീകരിക്കുകയും വേണമെന്നും മമ്മൂട്ടി ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.യുവാക്കൾക്ക് ചോദ്യം ചോദിക്കാനും ആശങ്കൾ ഉന്നയിക്കാനും അവകാശമുണ്ടെന്നും മഞ്ജു വാരിയരും സമൂഹ മാധ്യമത്തിൽ പറഞ്ഞു.‘മാനുഷികതയാണ് എല്ലാ രാഷ്ട്രീയത്തിനു മേലെ നിൽക്കേണ്ടത്. നമ്മുടെ യുവതലമുറയ്ക്ക് അവരുടെ ചോദ്യങ്ങൾ ചോദിക്കാനും ആശങ്കകൾ പങ്കുവയ്ക്കാനും സമാധാനപരമായി പ്രതിഷേധിക്കാനും അവകാശമുണ്ട്. ഇന്ത്യയിലെവിടെയായാലും പരീക്ഷാ സമ്പ്രദായങ്ങളുടെ വിശ്വാസ്യത കാത്തുസൂക്ഷിച്ചേ പറ്റൂ. നമ്മുടെ വിദ്യാഭ്യാസ–പരീക്ഷാ സംവിധാനത്തിലുള്ള വിശ്വാസം ശക്തിപ്പെടണം. മെറിറ്റിനും സത്യസന്ധതയ്ക്കും നീതിക്കും എന്നും മുൻഗണന ലഭിക്കണം. നമ്മുടെ മക്കൾക്ക് ഭയമല്ല, പ്രതീക്ഷയാണ് നാം സമ്മാനിക്കേണ്ടത്. അവരുടെ ഭാവി സുരക്ഷിതമാകട്ടെ, അവരുടെ സ്വപ്നങ്ങൾ സംരക്ഷിക്കപ്പെടട്ടെ.’–മഞ്ജു വാരിയർ കുറിച്ചു.
Fashion ⏭️


