NEWS

‘പോയത് ഭർത്താവിന് അസുഖം കൂടിയതിനാൽ’; ഡ്യൂട്ടിക്കിടെ മൂന്നാർ ബസിൽ നിന്ന് ഇറങ്ങിപ്പോയ വനിതാ കണ്ടക്ടർ


തൊടുപുഴ ∙ ആശുപത്രിയിൽ കഴിയുന്ന ഭർത്താവിന്റെ ആരോഗ്യനില വഷളായി എന്ന വിവരം അറിഞ്ഞതിനാലാണു ഡ്യൂട്ടി പൂർത്തിയാക്കാതെ ബസിൽനിന്നു പെട്ടെന്നിറങ്ങിയതെന്നു മൂന്നാർ ഡിപ്പോയിലെ വനിതാ കണ്ടക്ടർ. ഡ്യൂട്ടി പൂർത്തിയാക്കും മുൻപു കണ്ടക്ടർ വീട്ടിലേക്കു പോയതു വിവാദമായതിനു പിന്നാലെയാണു വിശദീകരണം. ശനിയാഴ്ച വൈകിട്ടാണ്, കോട്ടയം – മൂന്നാർ ബസിൽനിന്ന് ട്രിപ് തീരാൻ അരമണിക്കൂർ ബാക്കിനിൽക്കെ കണ്ടക്ടർ ഇറങ്ങിപ്പോയത്. ‌മൂന്നാറിലേക്കുള്ള സർവീസിൽ പൈങ്ങോട്ടൂരിൽനിന്ന് അതേ ഡിപ്പോയിലെ മറ്റൊരു കണ്ടക്ടർ ബസിൽ കയറിയെന്നും അദ്ദേഹത്തെ ഡ്യൂട്ടി ഏൽപിച്ചിട്ടാണു ബസിൽനിന്ന് ഇറങ്ങിയതെന്നും ഇവർ പറഞ്ഞു. ‘വീണ് ഇടുപ്പെല്ല് പൊട്ടി അടിമാലി താലൂക്ക് ആശുപത്രിയിലാണു ഭർത്താവ്. പക്ഷേ, അടിമാലിയിലോ സ്വദേശമായ പത്താം മൈലിലോ ഞാൻ ഇറങ്ങിയില്ല. എന്നാൽ, ഭർത്താവിനു സോഡിയം കുറഞ്ഞെന്നും വയ്യെന്നും മകൾ വിളിച്ചറിയിച്ചപ്പോൾ ബസിൽനിന്ന് ഇറങ്ങുകയായിരുന്നു. പൈസ എണ്ണി തിട്ടപ്പെടുത്തിയശേഷം ഡ്യൂട്ടി ഏൽപിച്ചാണ് ഇറങ്ങിയത്. ഇറങ്ങിയതിനു പിന്നാലെ സ്റ്റേഷൻ മാസ്റ്റർ കാര്യം അന്വേഷിച്ചു വിളിച്ചപ്പോൾ വിശദീകരിച്ചിരുന്നു. എന്നാൽ എനിക്കെതിരെ അപ്പോൾത്തന്നെ പരാതി എത്തിയിരുന്നു’ – കണ്ടക്ടർ പറഞ്ഞു. സംഭവത്തിൽ കെഎസ്ആർടിസി വിജിലൻസ് വിഭാഗം റിപ്പോർട്ട് തേടിയിട്ടുണ്ട്. 


Fashion ⏭️

Back to top button