ഉത്തരവ് വളച്ചൊടിച്ചു: ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് ഹൈക്കോടതി വിമർശനം

Sugathan
കൊച്ചി: കോടതി ഉത്തരവിനെ തെറ്റായി അവതരിപ്പിക്കുന്ന ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് ഹൈക്കോടതിയുടെ വിമർശനം. തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർമാർ ബലിദാനികളുടെയും വിവിധ ദൈവങ്ങളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്തത് അസാധുവാക്കി വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് ഉത്തരവിട്ടതിനെയാണ് ചില ഓൺലൈൻ മാദ്ധ്യമങ്ങൾ തെറ്റായി അവതരിപ്പിച്ചത്.
കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ.സുഗതൻ, സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ വാക്കാലുള്ള വിമർശനം.
ഹിന്ദു ദൈവങ്ങളുടെ പേരിലുള്ള സത്യപ്രതിജ്ഞ അനുവദിച്ചില്ലെന്ന തരത്തിലായിരുന്നു ചില ഓൺലൈൻ മാദ്ധ്യമങ്ങളുടെ പ്രചാരണം. ഇക്കാലത്ത് ഒരു തീപ്പൊരി മതി പലതും സംഭവിക്കാനെന്നും ഇത്തരത്തിൽ ഉത്തരവിനെ തെറ്റായി അവതരിപ്പിക്കുന്നവർ ഓർക്കണമെന്നും വാദത്തിനിടെ കോടതി പറഞ്ഞു. ദൈവസഹായത്താൽ ഒന്നും സംഭവിച്ചില്ലെന്നും അഭിപ്രായപ്പെട്ടു.
‘ജനാധിപത്യത്തെ കുരുതി കൊടുക്കാൻ ആഗ്രഹിക്കുന്നില്ല’
ജനവിധി അട്ടിമറിക്കപ്പെടാതിരിക്കാൻ അസാധാരണ സാഹചര്യങ്ങളിൽ അസാധാരണ തീരുമാനങ്ങൾ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാൻ ഹൈക്കോടതി അനുമതി നൽകിയത്. ജനാധിപത്യത്തിൽ ജനങ്ങളുടെ തീരുമാനത്തെ ബഹുമാനിക്കണം. നടപടിക്രമങ്ങളുടെ പേരിൽ അത് അട്ടിമറിക്കാനാകില്ല.
സത്യപ്രതിജ്ഞ അനുവദിച്ചില്ലെങ്കിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകും. ഒരംഗത്തിന്റെ സത്യപ്രതിജ്ഞയുടെ പേരിൽ ഭരണകക്ഷിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടേക്കുമെന്നാണ് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയത്. ജനാധിപത്യത്തെ കുരുതി കൊടുക്കാൻ കോടതി ആഗ്രഹിക്കുന്നില്ല. അതേസമയം, കൗൺസിലർമാരുടെ ആദ്യ സത്യപ്രതിജ്ഞ വ്യവസ്ഥാപിതമല്ലെന്നു വിലയിരുത്തിയാണ് ഇടപെട്ടതെന്നും ഉത്തരവിൽ വ്യക്തമാക്കി.


