സർക്കാരിന്റെ 100 ദിന പരിപാടി 11 മേഖലകളായി നടപ്പാക്കും

തിരുവനന്തപുരം: സർക്കാരിന്റെ നൂറു ദിന പരിപാടിയിൽ ഉൾപ്പെടുത്തിയ പദ്ധതികൾ 11 മേഖലകളായി തിരിച്ച് നടപ്പാക്കും. ഇതിന്റെ പുരോഗതി വകുപ്പ് മേധാവികൾ ഓരോ ആഴ്ചയും ചീഫ് സെക്രട്ടറിയെ അറിയിക്കണം. 20 ദിവസം കൂടുമ്പോൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും.
കൃഷി അനുബന്ധ മേഖലയിൽ 79 പദ്ധതികളാണുള്ളത്. സഹകരണ മേഖലയിൽ 8 പദ്ധതികളും ജലവിഭവ-ജലസേചന മേഖലയിൽ 23 പദ്ധതികളും ഉൾപ്പെടുത്തി. ഉർജ്ജ മേഖലയിൽ 6 ഉം, വ്യവസായ സംഭരംക മേഖലയിൽ 65 ഉം പദ്ധതികളാണുള്ളത്. ഗതാഗതം- 99, ശാസ്ത്ര സാങ്കേതിക ഗവേഷണം- 11, സാമൂഹിക സേവനം- 177, സാമ്പത്തിക സേവനം- 41, പൊതു സേവനം- 75, തദ്ദേശം- 18, എന്നിങ്ങനെയാണ് മറ്റു മേഖലകളിലെ പദ്ധതികൾ.
എല്ലാ വകുപ്പുകളും പദ്ധതികൾ തുടങ്ങി. സഹകരണ വകുപ്പ് 50 ശതമാനം പൂർത്തീകരിച്ചു.
ബന്ധപ്പെട്ട വകുപ്പുകളിലെ ഡെപ്യൂട്ടി സെക്രട്ടറി/അണ്ടർ സെക്രട്ടറിമാരെ നടത്തിപ്പ് ചുമതലയുള്ള ഓഫീസർമാരായി നിയോഗിക്കും.
ആരോഗ്യ
ഇൻഷ്വറൻസും
എല്ലാ ചികിത്സാ സഹായ പദ്ധതികളും സംയോജിപ്പിച്ചുള്ള ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി, വാഹനങ്ങളിലെ അപകടകരമല്ലാത്ത മോഡിഫിക്കേഷനുകൾ ക്രമവൽക്കരിക്കൽ, പ്ലസ് ടു ബാച്ചുകൾ അനുവദിക്കൽ, 25000 തരം മാറ്റ അപേക്ഷകളിൽ തീർപ്പുണ്ടാക്കൽ, പിന്നാക്ക വിഭാഗ വകുപ്പിൽ 16000 പേർക്ക് 200 കോടി രൂപയുടെ വായ്പാ ധന സഹായം, ഗതാഗത വകുപ്പിന് എക്സിക്യൂട്ടീവ് ബസുകൾ, മനുഷ്യ വന്യജീവി സംഘർഷം നേരിടാൻ നിയമ ഭേദഗതി, സർവ്വകലാശാല നിയമങ്ങളുടെ സമഗ്രമായ പരിഷ്‌കരണം തുടങ്ങി 590 പദ്ധതികളാണ് 100 ദിന കർമ്മ പരിപാടിയിലുള്ളത്.


