NEWS

കാണാതായ യുവാവ് എംഡിഎംഎയുമായി പിടിയിൽ; പിന്നാലെ തട്ടിക്കൊണ്ടുപോയ സംഘവും ലഹരിയുമായി പിടിയിൽ; വൻ ട്വിസ്റ്റ്


കൊച്ചി ∙ കുണ്ടന്നൂരിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ വീണ്ടും നാടകീയ ട്വിസ്റ്റുകൾ. കേസിൽ തട്ടിക്കൊണ്ടുപോകപ്പെട്ട യുവാവ് എംഡിഎംഎയുമായി പിടിയിലായതനു പിന്നാലെ തട്ടിക്കൊണ്ടു പോയ സംഘവും രാസലഹരിയായ എംഡിഎംഎയുമായി പിടിയിലായി. 46,000 രൂപയുടെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാറിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ എറണാകുളം എസിപി കെ.ജി.സുരേഷിന്റെ സ്ക്വാഡാണ് ലഹരി കടത്തു സംഘത്തെ പിടികൂടിയത്. തട്ടിക്കൊണ്ടു പോകപ്പെട്ട മരട് സ്വദേശി റിജോയ് ബെക്സൺ വർഗീസിനെ (24) ഒളിവിൽ പാർപ്പിച്ചതുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ കൂടി ഇനിയും പിടിയിലാകാനുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.ലഹരി ഇടപാടുകാരനും നിരവധി കേസുകളിൽ പ്രതിയുമായ മുണ്ടംവേലി പനയ്ക്കൽവീട്ടിൽ ഫ്രാൻസിസ് സേവ്യറിന്റെ (33) നേതൃത്വത്തിലുള്ള സംഘമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിൽ. മുൻപ് കൊച്ചിയിൽ നിന്ന് കാപ്പ ചുമത്തി നാടുകടത്തപ്പെട്ടയാളാണ് ഫ്രാൻസിസ്. എംഡിഎംഎ വാങ്ങിയ ഇനത്തിൽ ഫ്രാൻസിസിന്റെ സംഘത്തിന് 46,000 രൂപ റിജോയ് നൽകാനുണ്ടായിരുന്നു. ഇത് സംസാരിക്കാനായി ബുധനാഴ്ച രാത്രി 9.50ഓടെ കുണ്ടന്നൂർ ഫോറം മാളിന് മുന്നിലെ സർവീസ് റോഡിലേക്ക് റിജോയിയെ വിളിച്ചുവരുത്തുകയായിരുന്നു. ചുവന്ന സ്കൂട്ടറിലെത്തിയ റിജോയിയെ ഫ്രാൻസിസും സംഘവും ബലമായി കാറിലേക്ക് പിടിച്ചുകയറ്റി. കഴിഞ്ഞ വർഷം ലഹരി കടത്തിന് എറണാകുളം സെൻട്രൽ പൊലീസ് പിടികൂടിയ പാലക്കാട് കർക്കിടകംകുന്ന് അലനെല്ലൂർ വെള്ളാപ്പുള്ളി വീട്ടിൽ ഷഹനാസ് വി.പിയുടെ ഉടമസ്ഥതയിലുള്ള കാറിലാണ് ഇയാളെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ആലുവയിലുള്ള രഹസ്യ സങ്കേതത്തിലെത്തിച്ച് വ്യാഴാഴ്ച രാവിലെ വരെ ബന്ദിയാക്കി വച്ചു. ഒടുവിൽ പണം ഉടൻ നൽകാമെന്ന ഉറപ്പിലും സ്കൂട്ടർ ഈടായി വാങ്ങിയും സംഘം റിജോയിയെ മോചിപ്പിച്ചു.തട്ടിക്കൊണ്ടു പോകൽ കേസുമായി ബന്ധമുള്ള മറ്റൊരു പ്രതിയായ പള്ളുരുത്തി കണ്ണമാലി കാട്ടിപ്പറമ്പ് ഇനമാക്കൽ വീട്ടിൽ സ്മിജിൽ ആന്റണിയെ 0.10 മില്ലിഗ്രാം എംഡിഎംഎയുമായി കണ്ണമാലി പൊലീസും അറസ്റ്റ് ചെയ്തു. ഈ കേസിൽ ഉൾപ്പെട്ട സ്മിജിൽ കണ്ണമാലി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉണ്ടെന്ന് മരട് പൊലീസിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്നായിരുന്നു ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളിൽ നിന്ന് രാസലഹരി കണ്ടെത്തിയത്. ഇയാൾക്കെതിരെ കണ്ണമാലി പൊലീസ് ലഹരി കേസ് രജിസ്റ്റർ ചെയ്തതിനൊപ്പം മരട് പൊലീസിന്റെ തട്ടിക്കൊണ്ടുപോകൽ കേസിലും പ്രതി ചേർക്കും.


Fashion ⏭️

Back to top button