NEWS

സർവകലാശാലയുടെ നീക്കം അളവെടുപ്പിലൊതുങ്ങില്ല; എകെജി സെന്റർ ഭൂമിയും സർവേ പരിഗണനയിൽ


തിരുവനന്തപുരം ∙ കേരള സർവകലാശാലയുടെ മുഴുവൻ ഭൂമിയും അളന്നു തിട്ടപ്പെടുത്താനുള്ള സിൻഡിക്കറ്റ് യോഗ തീരുമാനം വെറും അളവെടുപ്പിൽ ഒതുങ്ങില്ല. ഭൂമിയുടെ ഉടമസ്ഥതയും കൈവശവും കൃത്യമായി നിർണയിക്കപ്പെടുന്നതോടെ, സിപിഎം നിർമിച്ച എകെജി സെന്ററിനായുള്ള ഭൂമിയിലെ കയ്യേറ്റങ്ങളെ സംബന്ധിച്ച പരാതികളിലേക്കും എകെജി സ്മാരക സമിതിക്കു ഗവേഷണ കേന്ദ്രം ആരംഭിക്കാൻ നൽകിയ ഭൂമി കൈമാറ്റം ചെയ്യപ്പെട്ടെന്ന ആരോപണങ്ങളിലേക്കും രാഷ്ട്രീയചർച്ച കത്തിപ്പടരാനാണു സാധ്യത. ഈ ആരോപണങ്ങളുടെ വസ്തുത മനസ്സിലാക്കാനും ഭൂമി പരിശോധനയും അളവെടുപ്പും വേണ്ടി വരും. അത്തരം നീക്കം പോലും ചോദ്യം ചെയ്യപ്പെട്ടേക്കാം.ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളിൽ, പുറമേ നിന്നു സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി നടത്തി വന്ന പോരാട്ടം സർവകലാശാലയ്ക്കുള്ളിലേക്കും വ്യാപിച്ചതിന്റെ വ്യക്തമായ സൂചനയാണ് സിൻഡിക്കറ്റ് തീരുമാനം. ക്യാംപെയ്ൻ കമ്മിറ്റി ചെയർമാനും പുതിയ സിൻഡിക്കറ്റിൽ അംഗവുമായ ആർ.എസ്.ശശികുമാർ യോഗത്തിൽ വച്ച നിർദേശമാണ് യുഡിഎഫിനു ഭൂരിപക്ഷമുള്ള സിൻഡിക്കറ്റ് അംഗീകരിച്ചത്.കഴിഞ്ഞ വർഷം മേയിൽ ഗവർണർക്ക് പരാതി നൽകിയതിനു പിന്നാലെയാണ് ഈ വർഷം ജനുവരിയിൽ ശശികുമാർ കോടതിയിൽ ഹർജി നൽകുന്നത്. 1968ൽ കേരള സർവകശാലയിൽ ഉദ്യോഗസ്ഥനായി സർവീസിൽ പ്രവേശിച്ച് 2003ൽ ജോയിന്റ് റജിസ്ട്രാറായി വിരമിച്ച ശശികുമാർ 1970ൽ ആരംഭിച്ച കേരള യൂണിവേഴ്സിറ്റി സ്റ്റാഫ് യൂണിയൻ എന്ന യുഡിഎഫ് അനുകൂല സംഘടനയുടെ സ്ഥാപകനേതാവാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആദ്യമായി എംഎൽഎയായതിനു പിന്നാലെ ഈ സംഘടനയുടെ ആദ്യ പ്രസിഡന്റുമായി.


Fashion ⏭️

Back to top button