NEWS

വിവരാവകാശ കമ്മീഷൻ ഉത്തരവ് പാലിക്കാതെ പിഎസ്‌സി; പരീക്ഷാ രേഖകൾ പുറത്തുവിടില്ല, അപ്പീൽ നൽകിയേക്കും

പിഎസ്‌സി ഓഫീസ്

തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ വിവരാവകാശ കമ്മീഷൻ ഉത്തരവ് പാലിക്കാതെ കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്‌സി). നിയമനത്തിന്റെ രേഖകൾ നൽകില്ലെന്നാണ് പരാതിക്കാരനായ ഉദ്യോഗാർത്ഥിയുടെ ആവശ്യം തള്ളിക്കൊണ്ട് പിഎസ്‌സി അറിയിച്ചിരിക്കുന്നത്. നിയമനവുമായി ബന്ധപ്പെട്ട പരീക്ഷാ രേഖകൾ അടിയന്തരമായി പുറത്തുവിടണമെന്ന സംസ്ഥാന വിവരാവകാശ കമ്മീഷൻ ഉത്തരവിനെതിരെ അപ്പീൽ നൽകാനുള്ള ഒരുക്കത്തിലാണ് പിഎസ്‌സി.

നിയമന നടപടികളിലെ സുതാര്യത ചോദ്യംചെയ്യപ്പെട്ട സാഹചര്യത്തിലാണ് പരീക്ഷാ രേഖകൾ പരസ്യപ്പെടുത്താൻ വിവരാവകാശ കമ്മീഷൻ നിർദേശിച്ചത്. ഉദ്യോഗാർത്ഥികളുടെ ഉത്തരക്കടലാസും അഭിമുഖത്തിൽ ലഭിച്ച മാർക്കും ഉൾപ്പെടെയുള്ള വിവരങ്ങൾ ഉടൻ പുറത്തുവിടണമെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്.

ആസൂത്രണ ബോർഡിലെ ഉയർന്ന തസ്‌തികയായ ചീഫ് നിയമനത്തിന് 2022ലായിരുന്നു വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇൻഡസ്‌ട്രി ആൻഡ് ഇൻഫ്രാസ്‌ട്രക്‌ചർ വിഭാഗം, പേഴ്‌സ്‌പെക്‌ടീവ് പ്ലാനിംഗ് വിഭാഗം, പ്ലാനിംഗ് കോർഡിനേഷൻ വിഭാഗം എന്നിവയിൽ ഓരോ ഒഴിവാണുണ്ടായിരുന്നത്. മൂന്നിനും രണ്ട് പേപ്പർ വീതമായിരുന്നു പരീക്ഷ. അതിൽ ആദ്യത്തേത് മൂന്ന് വിഭാഗക്കാർക്കും പൊതുവായിരുന്നു.

അതിലെ ഒമ്പത് മുതൽ 18 വരെയുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങൾ മൂല്യനിർണയം നടത്താതെ ബാക്കിയുള്ള ഉത്തരങ്ങളുടെ മാർക്കും അഭിമുഖത്തിന്റെ മാർക്കും ചേർത്ത് 2025 മേയിൽ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. 200പേർ പരീക്ഷ എഴുതി. ഇൻഡസ്‌ട്രി ആൻഡ് ഇൻഫ്രാസ്‌ട്രക്‌ചർ, പ്ലാനിംഗ് കോർഡിനേഷൻ വിഭാഗങ്ങളിൽ ഒന്നാം റാങ്കുകാർക്ക് 2025 ജൂണിൽ നിയമനം നൽകി. ഒന്നേകാൽ ലക്ഷത്തിലേറെ രൂപ ശമ്പളം ലഭിക്കുന്ന തസ്‌തികകളിൽ നിയമനം നേടിവയർ ഇടതുപക്ഷ സംഘടനാപ്രവർത്തകരാണെന്നാണ് ആരോപണം.
RELATED TOPICS: KERALA PSC, PSC EXAM RECORDS, KERALA PSC NEWS, PSC VIVARAVAKASHA COMMISSION, RTI ORDER

Read News ⏭️

Back to top button