NEWS
ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ; 15 പേർ ചികിത്സയിൽ, ഹോട്ടലിനെതിരെ കേസ്

കൊച്ചി ∙ കതൃക്കടവ് അൽ – റീം ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യ വിഷബാധയ്ക്കു കാരണം ഷിഗെല്ല ബാക്ടീരിയയാണെന്ന് ആരോഗ്യവകുപ്പ്. ഭക്ഷ്യവിഷബാധയെ തുടർന്നു വിവിധ ആശുപത്രികളിൽ ചികിത്സ തേടിയ 15 പേരുടെ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 3 പേരിൽ രോഗകാരണം ഷിഗെല്ല ബാക്ടീരിയയാണെന്നു സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.ആർ.ഷാഹിർഷാ അറിയിച്ചു.പൊന്നുരുന്നി, നെട്ടൂർ, മലയിടംതുരുത്ത് സ്വദേശികളിലാണ് ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തിൽ അൽ – റീം ഹോട്ടലിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പൂണിത്തുറ താമസിക്കുന്ന ടോണി പീറ്റർ നൽകിയ പരാതിയിലാണു നോർത്ത് പൊലീസ് കേസെടുത്തത്. പൊലീസ് സംഘം ഹോട്ടലിൽ പരിശോധന നടത്തി. ഹോട്ടലിൽ നിന്നു നേരത്തേ ഭക്ഷണം കഴിച്ചവരിൽ 8 പേർ കൂടി ഇന്നലെ കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. ഇവരിൽ 2 കുട്ടികളെ അഡ്മിറ്റ് ചെയ്തു. വൈറ്റിലയിലെ മറ്റൊരു ആശുപത്രിയിലും 2 പേർ ചികിത്സയിലുണ്ട്.
Fashion ⏭️


