NEWS
‘വിയർത്തൊലിച്ചു, ജോലി ചെയ്യാനും കഴിയുന്നില്ല; ഇൻവെർട്ടറും കിട്ടുന്നില്ല’: കേരളം ‘ഇരുട്ടിൽ’, ഇന്നും വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം. രാത്രി ഇരുട്ടിൽ വിയർത്തൊലിച്ച് ജനങ്ങൾ. പലയിടത്തും വൈകിട്ട് ആറിനും പത്തിനുമിടയിൽ നിരവധി തവണയാണ് പവർ കട്ട് ഉണ്ടായത്. ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇടയ്ക്കിടയ്ക്ക് കറണ്ട് പോകുന്നത് ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ്. രാത്രി കാലത്ത് വർക്ക് ഫ്രം ഹോം ജോലികളിൽ ഏർപ്പെടുന്നവർക്കും നിയന്ത്രണം വലിയ തലവേദനയായി. ‘‘വൈകിട്ട് 7 മണിക്ക് ശേഷം നിരവധി തവണയാണ് ഇന്ന് കറണ്ട് പോയത്. വളരെ ബുദ്ധിമുട്ടാണ്. വിയർത്തൊലിച്ചാണ് വീടുകളിൽ കഴിയുന്നത്. ഇടയ്ക്കിടയ്ക്ക് കറണ്ട് പോകുന്നതു കൊണ്ട് ഇൻവെർട്ടറിന്റെ ബാക്ക്അപ്പും പോയിരിക്കുകയാണ്. നിരവധി ഐടി സ്ഥാപനങ്ങളിലെ ആളുകൾ ഇവിടെ ജോലി ചെയ്യുന്നുണ്ട്. രാത്രിയിലും പലരും വർക്ക് ഫ്രം ഹോം ജോലി ചെയ്യുന്നുണ്ട്. അവർക്കെല്ലാം ഇത് വലിയ ബുദ്ധിമുട്ടാണ്. കഴിഞ്ഞ ദിവസവും ഇതുതന്നെയായിരുന്നു അവസ്ഥ. ഏതാണ്ട് രാത്രി 12.30 വരെ ഇടയ്ക്കിടയ്ക്ക് കറണ്ട് പോയിക്കൊണ്ടിരിക്കുകയായിരുന്നു’’– കൊച്ചി ഇരുമ്പനം സ്വദേശി സുനിൽ പറഞ്ഞു. മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഉയർന്ന വൈദ്യുതി ആവശ്യകത മുൻദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 800 മുതൽ 900 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ടെന്നും കെഎസ്ഇബി അറിയിച്ചു.
Fashion ⏭️


