NEWS
ഇന്ന് 10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; 9 ഇടത്ത് ഓറഞ്ച് അലർട്ട്: മരണം 27 ആയി

കോട്ടയം ∙ മഴ ശക്തിയായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. കോഴിക്കോട്, എറണാകുളം, തൃശൂർ, കണ്ണൂർ, കോട്ടയം, പത്തനംതിട്ട, കാസർകോട്, ആലപ്പുഴ, ഇടുക്കി, വയനാട് ജില്ലകൾക്കാണ് ബുധനാഴ്ച (ഓഗസ്റ്റ് 5) അവധി പ്രഖ്യാപിച്ചത്. കേരള സർവകലാശാല ബുധനാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും (തിയറി, പ്രാക്ടിക്കൽ, വൈവവോസി ഉൾപ്പെടെ) മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്. കേരള സർവകലാശാല പഠന വകുപ്പുകളിലെ പരീക്ഷകൾക്ക് മാറ്റമില്ല. ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടായിരിക്കും. തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്നും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വ്യാഴാഴ്ചയും യെലോ അലർട്ട് പ്രഖ്യാപിച്ചു. അതേസമയം, മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 27 ആയി. നാലു പേരെ കാണാതായി. 418 ക്യാംപുകളിലായി 18,434 ആളുകളുണ്ട്. 52 വീടുകൾ പൂർണമായും 555 വീടുകൾ ഭാഗികമായും തകർന്നു. കോട്ടയത്താണ് കൂടുതൽ പേർ മരിച്ചത്. 5 മരണം ജില്ലയിൽ റിപ്പോർട്ടു ചെയ്തു.എറണാകുളം: ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.
Fashion ⏭️


