NEWS
പിണറായിയുടെ കണക്കുകൾ തെറ്റ്, പഴ്സനൽ സ്റ്റാഫായി നിയമിച്ചത് 715 പേരെ; കൂടുതൽ പിണറായിക്കും റിയാസിനും

തിരുവനന്തപുരം ∙ എൽഡിഎഫ് കാലത്ത് നിയമിച്ച മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫ് അംഗങ്ങളുടെ എണ്ണത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞ കണക്കുകൾ തെറ്റാണെന്നു വിവരാവകാശ രേഖകൾ. രണ്ടാം പിണറായി സർക്കാർ ആകെ 715 പേരെ പഴ്സനൽ സ്റ്റാഫിൽ നിയമിച്ചെന്നാണ് അദ്ദേഹത്തിന്റെ കാലത്ത് പുറത്തുവിട്ട വിവരാവകാശ രേഖകളിൽ പറയുന്നത്. എന്നാൽ, ഇവരെല്ലാം ഒരേസമയം ജോലി ചെയ്തവരല്ല. ചിലർ ഇടയ്ക്ക് രാജിവച്ചു. ഏതാനും പേർ മരിച്ചുപോയി. ഇവരെ ഒഴിവാക്കിയാൽ, ഒരേസമയം ജോലി ചെയ്തവരുടെ എണ്ണം 610 ആണ്. തന്റെ കാലത്ത് അഞ്ഞൂറിൽ താഴെ പേരെ മാത്രമേ നിയമിച്ചിട്ടുള്ളൂ എന്നായിരുന്നു മുഖ്യമന്ത്രി വി.ഡി.സതീശന്റെ ആരോപണത്തിനു പിന്നാലെ പിണറായി വിജയൻ കഴിഞ്ഞദിവസം വ്യക്തമാക്കിയത്.പിണറായി സർക്കാർ 787 പേരെ പഴ്സനൽ സ്റ്റാഫിൽ നിയമിച്ചെന്നായിരുന്നു മുഖ്യമന്ത്രി വി.ഡി.സതീശന്റെ ആരോപണം. പിണറായി വിജയൻ ഇതു തള്ളിയതിനു പിന്നാലെ, താൻ നിലപാടിൽ ഉറച്ചുനിൽക്കുന്നതായി മുഖ്യമന്ത്രി സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു. 2025 ഏപ്രിലിൽ എൽഡിഎഫ് സർക്കാർ പുറത്തുവിട്ട കണക്കാണ് പിണറായി വിജയന്റെതന്നെ അവകാശവാദം ഖണ്ഡിക്കുന്നത്. മുഖ്യമന്ത്രിയായിരിക്കെ, പിണറായി വിജയന്റെ സ്റ്റാഫിലുണ്ടായിരുന്നത് 35 പേർ. മന്ത്രിമാരിൽ പി.എ.മുഹമ്മദ് റിയാസ് 36 പേരെ ആകെ നിയമിച്ചപ്പോൾ ഒരേസമയം 24 പേരാണ് അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നത്. മന്ത്രിയായിരിക്കെ പി.രാജീവ് ആകെ നിയമിച്ചത് 27 പേരെ. ഒരേസമയം 25 പേർ സ്റ്റാഫിലുണ്ടായിരുന്നു.
Fashion ⏭️


