NEWS
‘പണ്ഡിതരെ മതം പഠിപ്പിക്കാൻ ശ്രമിക്കുന്നത് അപഹാസ്യം’: മുഖ്യമന്ത്രിക്കെതിരെ കാന്തപുരം വിഭാഗം സംഘടനകൾ

കോഴിക്കോട്/മലപ്പുറം ∙ കാന്തപുരം അബൂബക്കർ മുസല്യാരുടെ പ്രസ്താവനയ്‌ക്കെതിരെ മുഖ്യമന്ത്രി നടത്തിയ പ്രതികരണങ്ങൾ പദവിക്കു നിരക്കാത്തതാണെന്ന് എപി വിഭാഗം സ്വതന്ത്രസംഘടനയായ കേരള മുസ്‍ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി ആരോപിച്ചു. മതകാര്യങ്ങളിൽ ഇടപെട്ടു പണ്ഡിതരെ മതം പഠിപ്പിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നത് അപഹാസ്യമാണ്. ഭരണാധികാരിയുടെ അപക്വമായ പ്രതികരണത്തിൽ കടുത്ത സഹതാപവും പ്രതിഷേധവുമുണ്ട്. ചില മാധ്യമങ്ങളും മതത്തിനെതിരെ തിരിയാൻ അവസരം കാത്തുനിന്ന ചിലരും ചേർന്ന് ഉയർത്തിക്കൊണ്ടുവന്നതാണ് അനാവശ്യ ചർച്ചകളും വിവാദങ്ങളും. യാഥാർഥ്യം മനസ്സിലാക്കാതെ ഇത്തരക്കാരുടെ ഭാഷ ഏറ്റുപിടിച്ചു മുഖ്യമന്ത്രി നടത്തിയതു വിലകുറഞ്ഞ പരാമർശങ്ങളാണെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി.മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കാന്തപുരം വിഭാഗത്തിന്റെ വിദ്യാർഥി സംഘടനയായ എസ്എസ്എഫും രംഗത്തെത്തി. ‘മതം വ്യാഖ്യാനിക്കലല്ല സ്റ്റേറ്റിന്റെ ധർമം, മുഖ്യമന്ത്രി ഭരണം നടത്തുക’ എന്ന് എസ്എസ്എഫ് സമൂഹമാധ്യമത്തിൽ കുറിച്ചു. രാജ്യത്ത് ഓരോരുത്തർക്കും അവരുടെ മതപരമായ കാര്യങ്ങൾ പറയാം. ഇന്ത്യയിൽ എല്ലാ മതങ്ങൾക്കും അവരുടെ ആചാരമനുസരിച്ചു ജീവിക്കാനുള്ള അവകാശമുണ്ട്. മതാചാരങ്ങളെ ആരും എതിർക്കരുതെന്നും അദ്ദേഹം പറഞ്ഞു.
Fashion ⏭️


