NEWS

ഇടനിലക്കാരെ ഒഴിവാക്കി കെഎംഎസ്‌സിഎൽ; കുത്തനെ കുറഞ്ഞ് മരുന്നുവില


തിരുവനന്തപുരം ∙ കഴിഞ്ഞമാസം വരെ 99.60 രൂപയ്ക്കു വാങ്ങിയ 10 മില്ലിലീറ്റർ ഇൻസുലിൻ ഇനി സർക്കാരിനു ലഭിക്കുക 73 രൂപയ്ക്ക്. ഈ വിലയ്ക്കു 4 മാസത്തെ ഇൻസുലിൻ വാങ്ങുമ്പോൾ സർക്കാർ നേടുന്നതു 18.50 കോടി രൂപയുടെ ലാഭം. സർക്കാർ ആശുപത്രിക്കു വേണ്ടി മരുന്നുകൾ സംഭരിക്കുന്ന കേരള മെഡിക്കൽ സർവീസസ് കോർപറേഷനാണ് (കെഎംഎസ്‌സിഎൽ) ലാഭക്കച്ചവടം നടത്തിയത്. ആശുപത്രികളിൽ ഇൻസുലിൻ ക്ഷാമം ഉണ്ടെന്ന റിപ്പോ‌ർട്ട് വന്നപ്പോൾ ഏജൻസികളെ ഒഴിവാക്കി കമ്പനികളിൽനിന്നു നേരിട്ടു സംഭരിക്കാൻ മന്ത്രി കെ.മുരളീധരൻ നിർദേശിക്കുകയായിരുന്നു. തുടർന്നാണു, നിലവിൽ വിതരണം ചെയ്തിരുന്ന കമ്പനിയുടെ പ്രതിനിധികളുമായി കോർപറേഷൻ അധികൃതർ ചർച്ച നടത്തിയത്. കൃത്യസമയത്തിനുള്ളിൽ പണം നൽകുമെങ്കിൽ വില കുറയ്ക്കാമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. രണ്ടു മാസത്തിനകം പണം നൽകാമെന്ന് ഉറപ്പുനൽകിയതോടെയാണ് നടപടി. വൃക്കരോഗികൾ, കീമോതെറപ്പിക്കു വിധേയരാകുന്നവർ, എച്ച്ഐവി ബാധിതർ എന്നിവർക്കുള്ള എറിത്രോപോയിറ്റി ഇൻജക്‌ഷൻ 110 രൂപയ്ക്കാണ് കോർപറേഷൻ ഏജന്റുമാർ വഴി വാങ്ങിയിരുന്നത്. കമ്പനിയുമായി നേരിട്ടു സംസാരിച്ചതോടെ വില 80 രൂപയായി. സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) രോഗികൾക്കു സൗജന്യമായി നൽകുന്ന റിസ്ഡിപ്ലാം മരുന്ന് കുപ്പിക്ക് 5.52 ലക്ഷം രൂപ നിരക്കിലാണ് കോർപറേഷൻ വാങ്ങിയിരുന്നത്. സ്വിസ് കമ്പനിയായ റോഷ് ആയിരുന്നു വിതരണക്കാർ‍. ഇന്ത്യൻ കമ്പനിയായ നാറ്റ്കോ ഫാർമ ഇതേമരുന്ന് ഉൽപാദിപ്പിച്ചെങ്കിലും വിൽപന നടത്താനായില്ല. കഴിഞ്ഞ ഒക്ടോബർ 17ന് നാറ്റ്കോയുടെ മരുന്നു വിൽക്കാൻ സുപ്രീംകോടതി അനുമതി നൽകിയെങ്കിലും കേരളം വാങ്ങാൻ മടിച്ചു. ഇനി നാറ്റ്കോയിൽനിന്ന് കേരളം റിസ്ഡിപ്ലാം വാങ്ങും. കമ്പനി ചോദിച്ചതു 15,900 രൂപ. ഇതു കോർപറേഷൻ 8000 രൂപയ്ക്കു കരാർ ഉറപ്പിച്ചു. ഉടൻ മരുന്നെത്തും.


Fashion ⏭️

Back to top button