NEWS

കടുത്ത സാമ്പത്തിക പ്രതിസന്ധി: ലാഭകരമല്ലാത്ത പദ്ധതികൾ ഒഴിവാക്കണമെന്ന് സർക്കുലർ; ചെലവ് ചുരുക്കാൻ സർക്കാർ


തിരുവനന്തപുരം ∙ ഭരണം മാറിയെങ്കിലും സംസ്ഥാന സർക്കാർ‍ ഇപ്പോഴും സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും അടുത്ത ബജറ്റിൽ കർശനമായ ചെലവു ചുരുക്കൽ വേണ്ടി വരുമെന്നും വകുപ്പുകൾക്ക് അയച്ച സർക്കുലറിൽ ധനവകുപ്പ്. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് തയാറാക്കാൻ നൽകിയ നിർദേശങ്ങളുടെ കൂട്ടത്തിലാണ് സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള ഈ പരാമർശം. പ്രതിസന്ധി കണക്കിലെടുത്ത് കടുത്ത അച്ചടക്കം പാലിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളാനും ധനവകുപ്പ് നിർദേശിച്ചു.ശമ്പളം ഒഴികെയുള്ള പദ്ധതി ഇതര ചെലവുകൾക്ക് ഈ വർഷത്തെ അതേ നിരക്കുകൾ തന്നെയായിരിക്കണം അടുത്ത വർഷത്തേക്കും നിശ്ചയിക്കേണ്ടത്. ഇതിനായി ലാഭകരമല്ലാത്ത പദ്ധതികൾ ഒഴിവാക്കണം. മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി ചെലവുകളും തൽക്കാലം ഒഴിവാക്കണം. ഇവ പിന്നീട് പരിഗണിക്കാം. പദ്ധതികൾ നിർത്തുമ്പോൾ ഉണ്ടാകുന്ന അധിക ജീവനക്കാരെ പിരിച്ചുവിടേണ്ടതില്ല. പകരം, അവരെ ഭാവിയിൽ ഉണ്ടാകുന്ന ഒഴിവുകളിലേക്ക് പുനർവിന്യസിക്കുന്നതിനായി വകുപ്പുകൾ പ്രത്യേകം പട്ടിക തയാറാക്കണം. ഈ വർഷത്തെ പുതുക്കിയ എസ്റ്റിമേറ്റ് തുക യഥാർഥ ബജറ്റ് തുകയെക്കാൾ കൂടാൻ പാടില്ലെന്നും നിർദേശിച്ചു.


Fashion ⏭️

Back to top button