NEWS
റാഫ്റ്റിംഗ് സൊസൈറ്റി പറയുന്നു–മൃതദേഹം കൊണ്ടുപോകാൻ തഹസിൽദാർ 25,000 രൂപ ചോദിച്ചു

കണ്ണൂർ: രക്ഷാപ്രവർത്തനത്തിടെ മരണപ്പെട്ട രാജേഷ് ജോലി ചെയ്തിരുന്ന ചെറുപുഴ വാട്ടർ റാഫ്റ്റിംഗ് സൊസൈറ്റിയോട് മൃതദേഹം കൊണ്ടുപോകാൻ തഹസീൽദാർ പോൾ 25,000 രൂപ ആവശ്യപ്പെട്ടിരുന്നു. സൊസൈറ്റി പ്രസിഡന്റ് വി.എ അനൂപാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ആംബുലൻസ് ഏർപ്പാടാക്കാമെന്ന് റാഫ്റ്റിംഗ് ടീം പറഞ്ഞെങ്കിലും പണം മതിയെന്നായിരുന്നു തഹസിൽദാറുടെ നിലപാട്. അത്രയും തുക ഇല്ലാത്തതിനാൽ സൊസൈറ്റി ഭാരവാഹികൾ പതിനായിരം രൂപ തഹസീൽദാർക്കൊപ്പമുണ്ടായിരുന്ന ചെറുപുഴ പഞ്ചായത്തംഗം അനീഷ് ആന്റണിക്ക് കൈമാറി. ഇക്കാര്യം അനീഷ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ തുക പഞ്ചായത്ത് അംഗം പിന്നീട് തിരികെ നൽകി.
രാജേഷിനായി തെരച്ചിൽ നടക്കുമ്പോൾ രക്ഷാപ്രവർത്തനത്തിന്റെ ഏകോപനച്ചുമതലയുള്ള തഹസിൽദാർ സ്ഥലത്തുണ്ടായിരുന്നില്ലെന്നും ആക്ഷേപമുണ്ട്. വി.ഐ.പിയുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കുകയായിരുന്നത്രെ.


