NEWS
മലയാളി എൻ.എ. ഹാരിസിന് ഇടമില്ല, 3 മുൻ മുഖ്യമന്ത്രിമാരുടെ മക്കൾക്ക് അവസരം; ക്ഷമ വേണമെന്ന് ഡി.കെ

ബെംഗളൂരു∙ മുഖ്യമന്ത്രിയായി ചുമതലയേറ്റു രണ്ടു മാസത്തിനുശേഷം ഡി.കെ. ശിവകുമാർ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. മന്ത്രിമാരുടെ അന്തിമ പട്ടികയിൽ അവസാന നിമിഷം അപ്രതീക്ഷിത മാറ്റങ്ങളുണ്ടായി. നിയമസഭാ സ്പീക്കറായി ജി.എസ്. പാട്ടീലിനെയും ഡപ്യൂട്ടി സ്പീക്കറായി എ.എസ്. പൊന്നണ്ണയെയും തീരുമാനിച്ചു. ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാനായി സലീം അഹമ്മദിനെയും ഡപ്യൂട്ടി ചെയർപഴ്സനായി ഉമാശ്രീയെയും തിരഞ്ഞെടുത്തു.മുൻ സിദ്ധരാമയ്യ സർക്കാരിൽ മന്ത്രിമാരായിരുന്ന ആറുപേർ പുതിയ മന്ത്രിസഭയിലുമുണ്ട്. ഗായത്രി ശാന്തേഗൗഡയാണു മന്ത്രിസഭയിലെ ഏക വനിതാ പ്രതിനിധി. മുൻ മുഖ്യമന്ത്രിമാരുടെ മക്കളായ മൂന്നുപേർ മന്ത്രിസഭയിൽ ഇടംപിടിച്ചു. നിലവിൽ മന്ത്രിയായ യതീന്ദ്ര സിദ്ധരാമയ്യ, മുൻ മുഖ്യമന്ത്രി എസ്. ബംഗാരപ്പയുടെ മകൻ മധു ബംഗാരപ്പ, മുൻ മുഖ്യമന്ത്രി എൻ. ധരംസിങ്ങിന്റെ മകൻ അജയ് സിങ് എന്നിവർക്കാണ് അവസരം ലഭിച്ചത്. കൂടാതെ 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ബിജെപി വിട്ട് കോൺഗ്രസിലെത്തിയ മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാദി, ജെഡിഎസ് വിട്ടെത്തിയ കെ.എം. ശിവലിംഗ ഗൗഡ എന്നിവർക്കും മന്ത്രിസ്ഥാനം ലഭിച്ചു.മുൻപ് സിദ്ധരാമയ്യ മന്ത്രിസഭയിൽ തനിക്കും അവസരം നഷ്ടപ്പെട്ടിട്ടുണ്ടെന്നും പിന്നീട് അവസരം ലഭിച്ചതുപോലെ ബാക്കിയുള്ളവർക്കും ഭാവിയിൽ അവസരങ്ങൾ നൽകുമെന്നും ഡി.കെ. ശിവകുമാർ പറഞ്ഞു. എല്ലാവരെയും ഒരുമിച്ചു മന്ത്രിസഭയിൽ ഉൾപ്പെടുത്തുക സാധ്യമല്ല. എംഎൽഎമാർ ക്ഷമയോടെ കാത്തിരിക്കണമെന്നും ലോക്‌ഭവനിലേക്ക് തിരിക്കും മുൻപ് അദ്ദേഹം പറഞ്ഞു.
Fashion ⏭️


