NEWS

ബ്രോ വെയ്റ്റ്.. ഭാരത് ‘മാതാ’ കി ജയ്: കൃതിക്ക് പിന്തുണയുമായെത്തിയ രാഹുൽ ഗാന്ധിയെ പരിഹസിച്ച് കങ്കണ


ന്യൂഡൽഹി ∙  ലോക്സഭാ പ്രതിക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബിജെപി എംപിയും നടിയുമായ കങ്കണ റനൗട്ട്. രക്ഷാബന്ധനോടനുബന്ധിച്ചു തയാറാക്കിയ പരസ്യചിത്രത്തിലെ വസ്ത്രധാരണത്തെച്ചൊല്ലി ഉയർന്ന വിവാദത്തിൽ ബോളിവുഡ് നടി കൃതി സാനനെ പിന്തുണച്ച് രാഹുൽ രംഗത്തെത്തിയിരുന്നു. #SmashThePatriarchy (പുരുഷാധിപത്യത്തെ തകർക്കുക) എന്ന ഹാഷ്‌ടാഗ് സഹിതമായിരുന്നു രാഹുലിന്റെ പോസ്റ്റ്. ഇതിനെയാണ് ഒരു കാർട്ടൂൺ പങ്കുവച്ച് കങ്കണ പരിഹസിച്ചത്.രാഹുൽ ഗാന്ധിയുടെ രൂപസാദൃശ്യത്തിലുള്ള കഥാപാത്രം ‘സ്മാഷ് ദ് പേട്രിയാർക്കി’ എന്ന് പറയുമ്പോൾ കങ്കണയുടെ രൂപത്തിലുള്ള കഥാപാത്രം ‘ബ്രോ വെയ്റ്റ്.. ഭാരത് മാതാ കി ജയ്. നമുക്ക് തുടങ്ങാം’ എന്ന് തിരിച്ചു പറയുന്നതാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലെ ഉള്ളടക്കം. ‘മാതാ’ എന്നത് പ്രത്യേകം എടുത്തുകാട്ടിയാണ് പോസ്റ്റ്. കോൺഗ്രസിന്റെ സ്ത്രീക്ഷേമ നിലപാടുകളിലെ വൈരുദ്ധ്യങ്ങളെ ചോദ്യം ചെയ്തുകൊണ്ടാണ് കങ്കണയുടെ പോസ്റ്റ് അവസാനിക്കുന്നത്.അതേസമയം മതപരമോ സാംസ്കാരികമോ ആയ വികാരങ്ങളെ വ്രണപ്പെടുത്തുക എന്നത് ഒരിക്കലും തങ്ങളുടെ ഉദ്ദേശ്യമല്ലെന്ന് ചൂണ്ടിക്കാട്ടി വിവാദങ്ങൾക്കിടെ ജ്വല്ലറി ബ്രാൻഡ് പരസ്യം പിൻവലിച്ചു. ‘‘ഞങ്ങളുടെ പുതിയ പരസ്യം സമൂഹത്തിലെ ചില വിഭാഗങ്ങളുടെ വികാരങ്ങളെ മുറിവേൽപ്പിച്ചിട്ടുണ്ടെങ്കിൽ, അത് മനഃപൂർവം ആയിരുന്നില്ല. അവരോടുള്ള ആദരമായി, ഈ പരസ്യം എല്ലാ മാധ്യമങ്ങളിൽനിന്നും ഞങ്ങൾ പിൻവലിച്ചിരിക്കുന്നു. ഈ ഉത്സവകാലത്ത് നിങ്ങൾക്ക് എല്ലാവർക്കും സ്നേഹവും പോസിറ്റിവിറ്റിയും നേരുന്നു!’ അവർ പ്രസ്താവനയിൽ വ്യക്തമാക്കി.


Fashion ⏭️

Back to top button