NEWS
അപകടത്തിൽപ്പെട്ടവരെ സഹായിച്ച യുവാവിന് പൊലീസ് പീഡനം; ക്രിമിനൽ സംഘത്തിന്റെ കൂട്ടാളിയായി ചിത്രം സമൂഹ മാധ്യമങ്ങളിൽ

കല്ലേറ്റുംകര ∙ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിനു ശേഷം ബൈക്കിൽ രക്ഷപ്പെടുന്നതിനിടെ അപകടത്തിൽപ്പെട്ടവരെ, ആശുപത്രിയിൽ എത്തിക്കാൻ സഹായിച്ചതിന് പത്തൊൻപതുകാരനെ പ്രതികളുടെ കൂട്ടാളിയായി ചിത്രീകരിച്ചു പൊലീസ് മാനസികമായി പീഡിപ്പിച്ചെന്നു കുടുംബത്തിന്റെ പരാതി. കല്ലേറ്റുംകര സ്വദേശി വഴക്കൻ ജോയിയുടെയും സരിതയുടെയും മകൻ പയസിനാണു (19) ദുരനുഭവമുണ്ടായത്. സംഘത്തിന്റെ കൂട്ടാളി എന്ന പേരിൽ പയസിന്റെ ചിത്രം വാട്സാപ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചെന്നാരോപിച്ചു റൂറൽ പൊലീസ് മേധാവിക്കു പരാതി നൽകി. എന്നാൽ, അന്വേഷണത്തിന്റെ ഭാഗമായുള്ള വിവര ശേഖരണവും ഫോട്ടോ വെരിഫിക്കേഷനും മാത്രമാണു നടന്നതെന്നും കുടുംബത്തിന്റെ പരാതിയിൽ അന്വേഷണം നടക്കുന്നുണ്ടെന്നും റൂറൽ പൊലീസ് പ്രതികരിച്ചു. ചൊവ്വാഴ്ച വൈകിട്ടു നാലിനു കല്ലേറ്റുംകരയിലെ ഹോട്ടലിലുണ്ടായ സംഘർഷത്തിനു പിന്നാലെയാണു സംഭവങ്ങൾ. ഓൺലൈൻ ഫുഡ് ഡെലിവറി നടത്തുന്ന 3 യുവാക്കൾ ഭക്ഷണം കഴിക്കാനെത്തിയപ്പോൾ ക്രിമിനൽ കേസുകളിൽ പ്രതികളായ ബെഞ്ചമിൻ, സനീഷ് എന്നിവരടക്കം മൂന്നുപേരുമായി സംഘർഷമുണ്ടായി. മഠത്തിക്കര തറയിലക്കാട് തയ്യിൽ നികിനെ (31) കുത്തിപ്പരുക്കേൽപിച്ച ശേഷം രക്ഷപ്പെടുന്നതിനിടെ ആളൂർ–ചാലക്കുടി റോഡിൽ ബൈക്ക് നിയന്ത്രണം വിട്ട് കാനയിൽ വീണു പ്രതികൾക്കു പരുക്കേറ്റു. ആ സമയം ഇതുവഴി ബൈക്കിലെത്തിയ പയസ് പരുക്കേറ്റവരെ ആംബുലൻസിൽ കയറ്റാൻ സഹായിച്ചു. ആംബുലൻസ് ഡ്രൈവർ സഹായം ചോദിച്ചതിന്റെ പേരിൽ ആശുപത്രിയിൽ എത്തിക്കാൻ ഒപ്പം വാഹനത്തിൽ കയറി. ഇവരെ ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയിൽ എത്തിച്ച സമയത്ത് ആളൂർ പൊലീസ് സ്ഥലത്തെത്തി. കല്ലേറ്റുംകര സംഘർഷം: പ്രകോപനം ദേഹത്തു തട്ടിയത് കല്ലേറ്റുംകര∙ നടന്നുപോകുമ്പോൾ ദേഹത്തു തട്ടി എന്നതാണു കല്ലേറ്റുംകര സംഘർഷത്തിനിടയാക്കിയതെന്നു പൊലീസ്. മഠത്തിക്കര ഇളംതോളി കിരൺ ബാബു (29), തറയിലക്കാട് തയ്യിൽ നികിൻ (31), പുല്ലൂർ ആനുരുളി കുന്നത്തുപറമ്പിൽ അബിറാം (27) എന്നിവർ ഓൺലൈൻ ഫുഡ് ഡെലിവറിക്കു ശേഷം ഹോട്ടലിലെത്തി ഭക്ഷണം കഴിച്ചു പുറത്തേക്കിറങ്ങുന്നതിനിടെയാണു സംഭവം. ഹോട്ടലിലേക്കു കയറുകയായിരുന്ന മൂന്നു പേരിലൊരാളുമായി നികിൻ കൂട്ടിമുട്ടി. ഇതിന്റെ പേരിലാണു തർക്കം തുടങ്ങിയത്. മുഖ്യപ്രതികളായ ചാലക്കുടി പോട്ട മേലാപ്പുറത്തു ബെഞ്ചമിൻ (24), ആളൂർ സ്വദേശി സനീഷ് (25) എന്നിവർ മൂവരെയും ആക്രമിക്കുകയും നികിന്റെ കവിളിലും നെറ്റിയിലും കത്തികൊണ്ടു ഗുരുതരമായി കുത്തിപ്പരുക്കേൽപ്പിക്കുകയും ചെയ്തു. നികിന്റെ നെറ്റിയിൽ 10 തുന്നലുണ്ട്. പ്രതികൾക്കെതിരെ വധശ്രമത്തിനു പൊലീസ് കേസെടുത്തു. അപകടത്തിൽ ഇവരുടെ കാലിനും തലയ്ക്കും പരുക്കേറ്റു. പ്രതികൾ ലഹരിക്കേസുകളിൽ പ്രതിയാണ്. സനീഷിനെതിരെ പോക്സോ കേസും നിലവിലുണ്ട്.
Fashion ⏭️


