NEWS

കേരളത്തിൽ നിന്നുള്ള മാദ്ധ്യമ സംഘം കൊണാർക്കും പുരിയും സന്ദർശിച്ചു

കേരളത്തിൽ നിന്നുള്ള മാദ്ധ്യമ സംഘം കൊണാർക്കിൽ

പുരി : കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പി.ഐ.ബി ) സംഘടിപ്പിക്കുന്ന ആറ് ദിവസത്തെ ഒഡിഷ മാധ്യമ പര്യടനത്തിന്റെ ഭാഗമായി കേരളത്തിൽ നിന്നുള്ള മാദ്ധ്യമ സംഘം കൊണാർക്കിലെ പ്രസിദ്ധമായ സൂര്യക്ഷേത്രവും പുരിയിലെ ജഗന്നാഥ ക്ഷേത്രവും സന്ദർശിച്ചു. ഒഡിഷയുടെ സമ്പന്നമായ സാംസ്‌കാരിക, ആത്മീയ, കലാപാരമ്പര്യങ്ങൾ നേരിട്ടറിയാൻ ഈ സന്ദർശനം മാദ്ധ്യമപ്രവർത്തകർക്ക് അവസരമൊരുക്കി.

പതിമൂന്നാം നൂറ്റാണ്ടിലെ വാസ്തുവിദ്യാ വിസ്മയവും യുനെസ്‌കോയുടെ ലോക പൈതൃക കേന്ദ്രവുമായ കൊണാർക്ക് സൂര്യക്ഷേത്രത്തിലായിരുന്നു സംഘത്തിന്റെ ആദ്യ സന്ദർശനം. സൂര്യഭഗവാന്റെ ദിവ്യരഥത്തിന്റെ മാതൃകയിൽ നിർമ്മിച്ചിരിക്കുന്ന ഈ സ്മാരകം, അതിസൂക്ഷ്മമായ ശിലാശില്പങ്ങൾ, ചക്രങ്ങൾ, കലിംഗ വാസ്തുവിദ്യ എന്നിവയാൽ പ്രശസ്തമാണ്. ക്ഷേത്രത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ചും ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തിൽ ഇതിനുള്ള സ്ഥാനത്തെക്കുറിച്ചും സംഘം മനസ്സിലാക്കി.

തുടർന്ന് സംഘം ചാർ ധാം തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ പുരിയിലെ ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചു. ജഗന്നാഥ ഭഗവാൻ, ബലഭദ്രൻ, സുഭദ്രാദേവി എന്നിവർക്കായി സമർപ്പിച്ചിരിക്കുന്ന ഈ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രം ഒഡിഷയുടെ ആത്മീയ സാംസ്‌കാരിക ജീവിതത്തിന്റെ കേന്ദ്ര ബിന്ദുവാണ്. ക്ഷേത്രത്തിന്റെ ചരിത്രം, ആചാരങ്ങൾ, മേഖലയിലെ പ്രാധാന്യം എന്നിവയെക്കുറിച്ച് സംഘത്തിന് അറിവ് ലഭിച്ചു.

ഒഡിഷയുടെ പൈതൃകം, ആത്മീയത, ജീവസുറ്റ കലാപാരമ്പര്യങ്ങൾ എന്നിവയെക്കുറിച്ച് ആഴത്തിലുള്ള ധാരണ ലഭിക്കാൻ ഈ സന്ദർശനം സഹായിച്ചു. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള വിവരങ്ങളുടെയും അനുഭവങ്ങളുടെയും കൈമാറ്റം വർദ്ധിപ്പിക്കുന്നതിനൊപ്പം ഒഡിഷയുടെ വികസന, സാംസ്‌കാരിക, ടൂറിസം മേഖലകളെക്കുറിച്ച് കേരളത്തിലെ മാദ്ധ്യമപ്രവർത്തകർക്ക് നേരിട്ടുള്ള അനുഭവം നൽകുകയാണ് മാദ്ധ്യമ പര്യടനത്തിലൂടെ ലക്ഷ്യമിടുന്നത്.

വരും ദിവസങ്ങളിൽ ഒഡിഷയിലെ മറ്റ് പ്രധാന കേന്ദ്രങ്ങളിലേക്കും മാദ്ധ്യമസംഘത്തിന്റെ സന്ദർശനം തുടരും.

Read News ⏭️

Back to top button