NEWS
കാലടി പാലം അറ്റകുറ്റപ്പണി: ഓഗസ്റ്റ് 8 മുതൽ 14 വരെ രാത്രി ഗതാഗത നിരോധനം

കാലടി ∙ കാലടിയിൽ പുതിയ പാലത്തിന്റെ നിർമാണം 2027 ജനുവരി 15ന് അകം പൂർത്തിയാക്കാനും നിലവിലുള്ള പാലത്തിന്റെ അറ്റകുറ്റ പണികൾ ഓണത്തിനു മുൻപ് തീർക്കാനും മന്ത്രി റോജി എം.ജോണിന്റെ നേതൃത്വത്തിൽ കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ നിർദേശം. രാത്രിയിൽ പാലം വഴിയുള്ള ഗതാഗതത്തിനു നിയന്ത്രണം ഏർപ്പെടുത്തി വേണം പ്രവർത്തനങ്ങൾ. ഇതിന് ആവശ്യമായ കത്ത് പൊലീസിനു നൽകണമെന്ന് മന്ത്രി നിർദേശിച്ചു. നാളെ (ഓഗസ്റ്റ് 8) മുതൽ 14 വരെ രാത്രി 10 മുതൽ രാവിലെ 6 വരെ പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിച്ച് അടിയന്തര അറ്റകുറ്റ പണികൾ നടത്താൻ പൊതുമരാമത്തു വകുപ്പ് തീരുമാനിച്ചു.ഈ സമയങ്ങളിൽ അങ്കമാലി ഭാഗത്തു നിന്ന് എംസി റോഡ് വഴി പോകേണ്ട വലിയ വാഹനങ്ങൾ ആലുവ പെരുമ്പാവൂർ വഴിയും പെരുമ്പാവൂരിൽ നിന്ന് തിരികെ ഇതേ വഴിയും പോകണം.അങ്കമാലി ഭാഗത്തു നിന്നുള്ള ചെറു വാഹനങ്ങൾക്ക് കാലടിക്കടുത്ത് മറ്റൂരിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് മലയാറ്റൂർ–കോടനാട് പാലം, വല്ലം വഴിയും ഇതുവഴി തന്നെ തിരികെയും പോകാം. മൂവാറ്റുപുഴ, പെരുമ്പാവൂർ ഭാഗത്തു നിന്ന് കൊച്ചി വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങൾ പെരുമ്പാവൂരിനും കാലടിക്കും ഇടയിൽ വല്ലം ജംക്‌ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് വല്ലംകടവ്–പാറപ്പുറം പാലം, കാഞ്ഞൂർ വഴി പോകണം. തിരിച്ചും ഈ വഴി ഉപയോഗിക്കാം.
Fashion ⏭️


