NEWS

ദിവസവും നൂറ് ട്രെയിനുകൾ കടന്നുപോകുന്ന സ്റ്റേഷന്‍; പ്രതിദിനം 55000 യാത്രക്കാർ: പക്ഷേ, മേൽക്കൂരയില്ലാത്ത പ്ലാറ്റ്ഫോം, വഴിയാകെ ഇരുട്ട്…


കൊല്ലം ∙ ഓണക്കാലത്ത് കൊല്ലം റെയിൽവേ സ്റ്റേഷനിലേക്ക് എത്തുന്ന കാര്യം ഓർക്കുമ്പോൾ തന്നെ യാത്രക്കാർക്ക് ഭയമാണ്. നിർമാണം പുരോഗമിക്കുന്ന റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ അത്രയേറെയാണ്. സ്റ്റേഷൻ നവീകരണത്തിനായി ത്യാഗം സഹിക്കാമെന്നു കരുതിയാലും അനിശ്ചിതമായി നീളുന്ന നിർമാണങ്ങൾ ആശങ്കയേറ്റുന്നു. പ്രശ്നങ്ങൾക്കു താൽക്കാലിക പരിഹാരമെങ്കിലും വേണ്ടേ എന്ന ചോദ്യമാണ് യാത്രക്കാർ ഉയർത്തുന്നത്. നൂറ് ട്രെയിനുകൾ ദിവസവും കടന്നുപോകുന്ന കൊല്ലത്ത് ഇറങ്ങുന്നതും കയറുന്നതുമായ യാത്രക്കാരുടെ എണ്ണം ദിവസം 55000 എന്നാണ് റെയിൽവേയുടെ കണക്ക്. ഓണത്തോടനുബന്ധിച്ചുള്ള 10 ദിവസം ഇത് 20% വരെ വർധിക്കുമെന്നാണു കണക്കുകൂട്ടൽ. ഇപ്പോഴും അടിസ്ഥാനപരമായി ചെയ്യേണ്ട കാര്യങ്ങളിലും തീരുമാനമായില്ല. കരാറിൽ പറഞ്ഞിട്ടുള്ള നിർമാണ പ്രവർത്തനങ്ങളല്ലാതെ അധികമായി എന്തെങ്കിലും ചെയ്യണമെങ്കിലും ഡൽഹിയിൽ നിന്നുള്ള ഇടപെടൽ വേണ്ടിവരുമെന്നതാണ് സ്ഥിതി.ഇരുട്ടുമൂടി നടവഴി  സ്റ്റേഷനിൽ കയറാനും ഇറങ്ങാനും ഇപ്പോഴുള്ള ഇടുങ്ങിയ വഴി പട്ടാപ്പകൽ പോലും ഇരുട്ടാണ്. യാത്രക്കാർ തമ്മിൽ കൂട്ടിയിടിക്കാതെ നടക്കാനാകില്ല. ഇടയ്ക്കുളള കമ്പിത്തൂണുകളിൽ തലയിടിച്ച് പരുക്കേറ്റ സംഭവങ്ങളുമുണ്ട്. വൈദ്യുതി പോയാൽ പിന്നെ പ്രതിസന്ധിയാണ്. ചെറിയ മഴ പെയ്താൽ പോലും വഴിയിൽ ചെളി വെള്ളം കെട്ടിക്കിടക്കുന്നതാണ് സ്ഥിതി. ഇതിന് പരിഹാരം റെയിൽവേ ഉദ്യോഗസ്ഥർ നിർദേശിച്ചെങ്കിലും നിർമാണ കരാറെടുത്ത കമ്പനി ഇതുവരെ നടപടിയെടുത്തിട്ടില്ല.എത്രനാൾ കാത്തിരിക്കണം?  2025 ഡിസംബറിൽ പൂർത്തിയാക്കുന്നതിനായിരുന്നു ആദ്യ കരാറെങ്കിലും അത് ഒരു വർഷം കൂടി നീട്ടിനൽകിയിരിക്കുകയാണ്. ഇനിയും രണ്ടുവർഷം കൊണ്ടെങ്കിലും നിർമാണം പൂർത്തിയാകുമെന്ന വിശ്വാസം റെയിൽവേ ഉദ്യോഗസ്ഥർക്കു പോലുമില്ല. 53% നിർമാണം പൂർത്തിയായി എന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ കഴിഞ്ഞമാസം സന്ദർശനത്തിൽ അറിയിച്ചെങ്കിലും റെയിൽവേ സ്റ്റേഷനിൽ നിലവിലുള്ള നടപ്പാലം നിലനിർത്തണമെന്നും കെട്ടിട സമുച്ചയവുമായി ബന്ധിപ്പിക്കണമെന്നും അദ്ദേഹം നിർദേശം നൽകിയിരുന്നു. നിർമാണ പ്രവർത്തനങ്ങളെപ്പറ്റി കേരളത്തിലെ ഉദ്യോഗസ്ഥർക്ക് സംശയം ചോദിക്കാൻ പോലും കഴിയില്ലത്രെ. എല്ലാ ആഴ്ചയിലും ഡ്രോൺ പറത്തി നിർമാണ പുരോഗതി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗസ്ഥർ വിലയിരുത്തുന്നുണ്ടെന്ന് മാത്രമാണ് ഇവിടെയുള്ള ഉദ്യോഗസ്ഥരുടെ മറുപടി.


Fashion ⏭️

Back to top button