NEWS
അഖാബ ആക്രമിച്ച് ഇറാൻ; 100ലേക്ക് ക്രൂഡോയിൽ, സ്വർണത്തിന് കനത്ത വിലത്തകർച്ച, സ്വർണപ്പണയ ഓഹരിക്കും മോദി ഷോക്ക്

ഇറാനും യുഎസും തമ്മിലുള്ള സംഘർഷം കൂടുതൽ മേഖലകളിലേക്ക് പടരുന്നു. ഹോർമുസിന് ചുറ്റുമുള്ള ഇറാന്റെ സൈനിക കേന്ദ്രങ്ങൾ ഉന്നമിട്ട് യുഎസ് ഇന്നലെയും കനത്ത ആക്രമണം നടത്തി. തിരിച്ചടിയെന്നോണം ചെങ്കടലിന് സമീപത്തെ ജോർദാനിയൻ നഗരമായ അഖാബയിൽ യുഎസ് കേന്ദ്രങ്ങൾ ഇറാനും ആക്രമിച്ചു. കൊണ്ടും കൊടുത്തുമുള്ള ഇരുകൂട്ടരുടെയും വിട്ടുവീഴ്ചയില്ലാ മനോഭാവം ക്രൂഡോയിൽ വില കുതിച്ചുയരാനും ഇടയാക്കി.ബ്രെന്റ് ക്രൂഡ് വില ബാരലിന് 95 ഡോളറും യുഎസ് ക്രൂഡ് വില 90 ഡോളറും ഭേദിച്ചു. ഇതോടെ ലോകമെമ്പാടും പണപ്പെരുപ്പം തീപിടിച്ചുയരുമെന്ന ഭീതി കൂടുതൽ ശക്തമായി. ദക്ഷിണ ജോർദാനിൽ ഇസ്രയേൽ, ഈജിപ്ത് അതിർത്തിക്ക് സമീപത്തെ നഗരമാണ് അഖാബ. ഇവിടെ യുഎസ് സൈനിക താവളങ്ങളുണ്ട്. ഇറാന്റെ മിസൈലും ഡ്രോണുകളും അഖാബയിലുമെത്തിയെന്നത് യുഎസിനെ അമ്പരിപ്പിച്ചെന്നാണ് റിപ്പോർട്ടുകൾ. യുഎസിന്റെ സമ്മർദത്തിന് വഴങ്ങാനുദ്ദേശിക്കുന്നില്ലെന്നും പൊരുതാൻ തന്നെയാണ് തീരുമാനമെന്നും വ്യക്തമാക്കുകയാണ് ഇറാൻ.ഇന്ത്യൻ ഓഹരി വിപണികൾ ഇന്നലെ നേട്ടത്തിലേക്ക് ഒരുഘട്ടത്തിൽ തിരിച്ചുകയറിയെങ്കിലും വ്യാപാരാന്ത്യത്തിൽ ചുവന്നു. സെൻസെക്സ് 0.02%, നിഫ്റ്റി 0.10% എന്നിങ്ങനെ നേരിയ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ജിഡിപി വളർച്ചയെ പുകഴ്ത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വിഡിയോ സന്ദേശത്തിൽ ‘സ്വർണ’ത്തെക്കുറിച്ച് പറഞ്ഞത് ആഭരണ, സ്വർണപ്പണയ കമ്പനികളുടെ കനത്ത ഇടിവിന് വഴിവച്ചു.
Fashion ⏭️


