വിടവാങ്ങിയത് മാപ്പിളപ്പാട്ടിന്റെ സുൽത്താൻ, അവുക്കാക്ക

കോഴിക്കോട്: മാപ്പിളപ്പാട്ടിന് സ്വന്തം കൈയൊപ്പ് ചാർത്തിയ സംഗീതപ്രതിഭയാണ് കോഴിക്കോട്ടുകാർ അവുക്കാക്ക എന്നു വിളിക്കുന്ന അബൂബക്കർ. ഓർമ്മിക്കാൻ ഒരു പിടി നിത്യഹരിത ഗാനങ്ങൾ ബാക്കിയാക്കിയാണ് മാപ്പിളപ്പാട്ടുകളുടെ സുൽത്താൻ വിടവാങ്ങിയത്. പതിറ്റാണ്ടുകൾക്കുമുൻപ് അബൂബക്കർ ഈണംനൽകിയ പല ഗാനങ്ങളും ഇന്നും മാപ്പിളപ്പാട്ട് മത്സരവേദികളിലും റിയാലിറ്റി ഷോകളിലും നിറയുന്നു. പുതുതലമുറ ഗായകർ ആ ഗാനങ്ങൾക്ക് പുതുജീവൻ നൽകുന്നു.
അബൂബക്കറിന്റെ സംഗീതയാത്ര തുടങ്ങുന്നത് കുറ്റിച്ചിറ സ്കൂളിലെ എട്ടാം ക്ലാസിൽ സഹപാഠിയായിരുന്ന മാമുക്കോയ വഴിയാണ്. മാമുക്കോയയുടെ വാക്കുകൾ കേട്ട് അദ്ധ്യാപിക അബൂബക്കറിനെക്കൊണ്ട് പാട്ടുപാടിച്ചു. ഇത് ബാബുരാജിന്റെ പ്രിയ തബലിസ്റ്റ് ടി. ഉസ്മാൻ കേൾക്കാനിടയായി. ആ പരിചയം സൗഹൃദമായി. പിന്നീട് ബാബുരാജിന്റെ ട്രൂപ്പിലേക്കുള്ള വഴിയുമായി. കൗമാരത്തിൽ ശബ്ദം മാറിയതോടെ ഗായകന്റെ യാത്ര അവസാനിച്ചെങ്കിലും തബല സ്വയം പഠിച്ച് സംഗീതവഴിയിൽ തുടർന്നു.
സുകുമാരൻസ്, ഹട്ടൻസ്, ബ്രദേഴ്സ് തുടങ്ങിയ ഓർക്കസ്ട്രകളിലും കെ.ടി. മുഹമ്മദിന്റെയും കാലടി ഗോപിയുടെയും നാടക ട്രൂപ്പുകളിലും തബല വായിച്ചു. ക്രമേണ മാപ്പിളപ്പാട്ടിന്റെ ലോകത്തേക്ക് തിരിഞ്ഞു. ഗാനരചയിതാവ് ബാപ്പു വെള്ളിപറമ്പുമായുള്ള കൂട്ടുകെട്ടിൽ ‘മണിമങ്ക’, ‘കുഞ്ഞാറ്റക്കിളി’, ‘ആനന്ദക്കണ്ണീർ’, ‘മനസ്സിൻ മുറാദുകൾ’, ‘ഖൽബിലെ കിനാവ്’, ‘മദനപ്പൂ’, ‘കല്ലായിലൊരു മഴവില്ല്’, ‘പൊന്നാങ്ങള’, ‘താലോലം’ തുടങ്ങിയ ആൽബങ്ങൾ ശ്രദ്ധേയമായി. ലാ ഇലാഹാ ഇല്ലള്ളാ, പകലന്തി ഞാൻ, പാടാൻ ഞാൻ ഗായകൻ അല്ല തുടങ്ങി ഒട്ടേറെ പാട്ടുകൾ സൂപ്പർഹിറ്റായി.


