NEWS
സിപിഎം വ്യാഖ്യാനം വിചിത്രം, തിരഞ്ഞെടുപ്പിൽ തോറ്റത് 11 കോട്ടകളിൽ; കുറ്റം പയ്യന്നൂരിനും തളിപ്പറമ്പിനും

തിരുവനന്തപുരം ∙ കണ്ണൂരിലെ സിപിഎം ‘കോട്ടകളിലെ’ തോൽവിയുടെ ഭാരം പ്രവർത്തകരുടെ തലയിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ചാർത്തുമ്പോൾ, അതിനൊപ്പമോ അതിലേറെയോ സ്വാധീനമുള്ള മണ്ഡലങ്ങളിലെ തോൽവി എങ്ങനെ വിശദീകരിക്കുമെന്നതിൽ പാർട്ടിയിൽ ആശയക്കുഴപ്പം. തളിപ്പറമ്പിൽ തോറ്റതു വിമത സ്ഥാനാർഥിയുടെ കുപ്രചാരണങ്ങളിൽ അണികൾ വീണുപോയതാണെന്നാണു വിശദീകരണയോഗങ്ങളിൽ പിണറായിയുടെ ന്യായീകരണം.എന്നാൽ, 2021ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥികൾ 20,000 വോട്ടിലധികം ഭൂരിപക്ഷം നേടിയ 39 മണ്ഡലങ്ങളിൽ 15 ഇടങ്ങളിലും ഇത്തവണ മുന്നണി തോറ്റു. തളിപ്പറമ്പിലും പയ്യന്നൂരിലും ഒഴികെ മറ്റെവിടെയും ഇത് അണികളുടെ തെറ്റായി ഇനിയും പിണറായി ഉൾപ്പെടെയുള്ള നേതാക്കൾ ആരോപിച്ചിട്ടില്ല. 20,000 വോട്ടിലധികം ഭൂരിപക്ഷം നേടിയ മണ്ഡലങ്ങൾ മുന്നണിയുടെ സുരക്ഷിത കോട്ടകളായാണു തിരഞ്ഞെടുപ്പിനു മുൻപ് എൽഡിഎഫ് കണ്ടിരുന്നത്. ഇവിടങ്ങളിൽ വലിയ ഭൂരിപക്ഷത്തിൽ വിജയം സുനിശ്ചിതമെന്നും ഉറപ്പിച്ചിരുന്നു. എന്നാൽ 39ൽ 15 എണ്ണത്തിൽ തോറ്റു.ഈ മണ്ഡലങ്ങളിൽ പാർട്ടി വോട്ടുകളിലുണ്ടായ ചോർച്ചയ്ക്കു പുതിയ സാഹചര്യത്തിൽ എന്തു വ്യാഖ്യാനം നൽകുമെന്ന ചോദ്യവും പാർട്ടിയിലുണ്ട്. വിപുലീകൃത സംസ്ഥാന സമിതിയോഗത്തിൽ തളിപ്പറമ്പിലെയും പയ്യന്നൂരിലെയും തോൽവി ഉയർത്തിയുള്ള ചർച്ചയുണ്ടായാൽ കണ്ണൂർ ജില്ലാ സെക്രട്ടറിക്കും സംസ്ഥാന സെക്രട്ടറിക്കുമെതിരെയുള്ള വിമർശനമായി അതുമാറും. നേതൃത്വത്തിനല്ല, അണികൾക്കാണു തെറ്റിയതെന്നു വ്യാഖ്യാനിക്കാനുള്ള ശ്രമം ഇതു പ്രതിരോധിക്കാനാണെന്നാണു സൂചന.
Fashion ⏭️


