സംസ്ഥാനത്ത് മഴക്കെടുതിയിൽ എട്ട് മരണം; കണ്ണൂരിൽ ഒരാൾ ഒഴുക്കിൽപ്പെട്ടു

പയ്യാനിത്തോട്ടത്ത് ഉരുൾ പൊട്ടലിൽ മരിച്ച റെജീനയുടെ മൃതദേഹം കണ്ടെടുത്തപ്പോൾ (ഫോട്ടോ: സെബിൻ ജോർജ്)
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം എട്ടായി. മലപ്പുറത്ത് മൂന്നുവയസുകാരൻ അബ്ദുൾ മുഹൈനി ആണ് മരിച്ചത്. തോട്ടിൽ വീണ് ഒഴുക്കിൽപ്പെടുകയായിരുന്നു.
കൊണ്ടോട്ടി നീറാട് തോട്ടിലെ ഒഴുക്കിൽപ്പെട്ട് നാല് വയസുകാരൻ മരിച്ചു. നെടിയിരുപ്പ് മേലേപ്പറമ്പ് കണ്ണപ്പ തൊടി ഹമീദ് – നദീറ ദമ്പതികളുടെ മകൻ ആദം അയ്‌മൻ ആണ് മരിച്ചത്. അമിതമായ ഒഴുക്കുള്ള തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. അധികം വൈകാതെ കുട്ടിയെ വെള്ളത്തിൽ നിന്ന് പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോട്ടയം പുതുപ്പള്ളിയിൽ വെള്ളക്കെട്ടിൽ വീണ് 11 വയസുകാരൻ മരിച്ചു. വാകത്താനം സ്വദേശി മിലനാണ് മരിച്ചത്. ഉടൻതന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ മഴക്കെടുതിയിൽ നാലുപേർ മരണപ്പെട്ടിരുന്നു. പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ ഉരുൾപൊട്ടലിൽ വീട് ഇടിഞ്ഞുവീണ് 24കാരനായ ജോസഫിൻ ജോണിയും അമ്മ റജീനയും മരിച്ചു.
ഇടുക്കി അടൂർമലയിലെ ഉരുൾപൊട്ടലിൽ കുടയത്തൂർ സ്വദേശി സുമതി ആണ് മരിച്ചത്. രണ്ടുപേരെ രക്ഷപ്പെടുത്തി. ഇടുക്കി കോലാഹലമേട്ടിൽ ലീലാമണി എന്നയാളുടെ വീടിന് മുകളിൽ മണ്ണ് വീണ് ബന്ധുവായ വൈക്കം സ്വദേശി പ്രഭാകരൻ നായർ മരിച്ചു. വയനാട് പടിഞ്ഞാറത്തറയിൽ ഷോക്കേറ്റ് ഒരാൾ മരിച്ചു. മഞ്ഞൂറ സ്വദേശി ബെന്നിയാണ് മരിച്ചത്. ഇതിനിടെ കണ്ണൂർ പേരാവൂരിൽ ഒരാൾ ഒഴുക്കിൽപ്പെട്ടു. കാഞ്ഞിരപ്പുഴയിലാണ് ഒഴുക്കിൽപ്പെട്ടത്. കൊട്ടചുരം സ്വദേശി ഹനീഫയാണ് ഒഴുക്കിൽപ്പെട്ടത്.
English Summary
Kerala’s rain-related death toll has reached eight across the state. Three children drowned in separate incidents in Malappuram, Kondotty, and Kottayam. Landslides in Poojnar and Idukki claimed four lives. Additionally, one person died due to electrocution in Wayanad. Authorities continue monitoring the situation amidst heavy rainfall.


