NEWS
ഏഷ്യയുടെ ജലഗോപുരം, കേരളത്തേക്കാൾ വലുപ്പം; മഞ്ഞുപാളി നിരീക്ഷണം കുറവ്, മാറ്റത്തെ എങ്ങനെ നേരിടും?

കാലാവസ്ഥ മാറ്റവുമായി ബന്ധപ്പെട്ട് നേപ്പാൾ ആഗോള കാലാവസ്ഥാ നിധിയോട് നഷ്ടപരിഹാരം ചോദിക്കുമ്പോൾ ഡേറ്റയുടെയും പഠനത്തിന്റെയും കുറവ് വെല്ലുവിളിയാകും. ഹിമാലയത്തിലെ നാൽപ്പതിനായിരത്തിലേറെ വരുന്ന മഞ്ഞുമലകളിൽ നിരീക്ഷണ സംവിധാനമുള്ളത് 38 ഇടത്ത് മാത്രം. ലോകത്തിന്റെ മൂന്നാം ധ്രുവമെന്നും ഏഷ്യയുടെ ജലഗോപുരമെന്നും വിശേഷിപ്പിക്കപ്പെടുന്ന ഹിമാലയത്തിലെ 0.1% മഞ്ഞുപാളികളിലേക്കു നിരീക്ഷണം ചുരുങ്ങുമ്പോൾ 2500 കിമീ നീളത്തിൽ പരന്നു കിടക്കുന്ന ഹിമാലയൻ– കാറക്കോറം മലനിരകളിൽ, മുൻകൂട്ടി ദുരന്ത മുന്നറിയിപ്പു നൽകാനുള്ള സംവിധാനം തികച്ചും അപര്യാപ്തമെന്ന് വ്യക്തം. ഭൂട്ടാൻ, നേപ്പാൾ, ഇന്ത്യ, പാക്കിസ്ഥാൻ എന്നിവിടങ്ങളിലായി 42000 ചതുരശ്ര കിമീ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന മഞ്ഞുമലകൾ എല്ലാംകൂടി എടുത്താൽ കേരളത്തിന്റെ ആകെ വിസ്തൃതിയേക്കാൾ അൽപംകൂടി വരും.സൂറിച്ച് ആസ്ഥാനമായുള്ള ലോകത്തെ മഞ്ഞുപാളി നിരീക്ഷണ സംവിധാനമായ വേൾഡ് ഗ്ലേഷ്യൽ മോനിട്ടറിങ് സർവീസ് മാനദണ്ഡ പ്രകാരം ഹിമാലയത്തിലെ കേവലം 7 മഞ്ഞുപാളികളിൽ മാത്രമാണ് ആഗോള നിലവാരമുള്ള നിരീക്ഷണം നടക്കുന്നത്. കാറക്കോറം, സിക്കിം, സൻസ്കാർ, ഭൂട്ടാൻ എന്നിവിടങ്ങളിലെ മഞ്ഞുമലകൾക്ക് എന്തു സംഭവിക്കുന്നു എന്നറിയാൻ കാര്യമായ സംവിധാനങ്ങളില്ല. ഹിമാചൽ പ്രദേശിലെ ഗെപാങ് പോലെയുള്ള ഏതാനും മഞ്ഞുതടാകങ്ങളിൽ മാത്രമാണ് ഇന്ത്യ കാര്യമായ നിരീക്ഷണം നടത്തുന്നത്.∙ ഹിമ പഠനത്തിൽ വഴികാട്ടി ഡെറാഡൂൺ വാഡിയ ഇൻസ്റ്റിറ്റ്യൂട്ട് ഹിമാലയത്തെ പഠിക്കാൻ ഇന്ത്യ തുടക്കമിട്ട ഗവേഷണ സ്ഥാപനമായ ഡെറാഡൂൺ വാഡിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ജിയോളജി ലഡാക്കിലും ഉത്തരാഖണ്ഡിലുമായി 6 ഹിമശൈലങ്ങളിൽ പഠനം നടത്തുന്നു. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് ഇന്ത്യയുടെ ഭാഗമായ ഹിമാലയ പർവത പ്രദേശത്ത് 9,575 ഹിമാനികളാണ് ഉള്ളത്. മഞ്ഞുരക്കത്തിന്റെ തോത് കൂടുന്നതു മാത്രമല്ല, യാതൊരു നിരീക്ഷണ സംവിധാനവുമില്ലാത്ത മഞ്ഞുമലകളുടെ ഉയരങ്ങളിൽ നിന്ന് പാറയും മഞ്ഞുപാളികളും കൂടി പെട്ടെന്ന് അടർന്നു വീണാൽ സംഭവിക്കാവുന്ന ഹിമാലയൻ ആകാശ സൂനാമികൾ താഴ്‌വരകൾക്ക് ഉയർത്തുന്ന ഭീഷണി എത്രത്തോളമാണെന്ന മുന്നറിയിപ്പുകൂടിയാണ് നേപ്പാൾ പ്രളയമെന്നും വിദഗ്ധർ പറയുന്നു.
Fashion ⏭️


