NEWS
‘ബെസ്റ്റ് വേ’ ബസിൽ പുരുഷന്മാര്‍ക്ക് 31ന് സൗജന്യ യാത്ര; വിദ്യാർഥികള്‍ക്കും ഇതരസംസ്ഥാനക്കാര്‍ക്കും ഇല്ല

അങ്കമാലി ∙ കൊരട്ടി- അങ്കമാലി റൂട്ടിലെ ‘ബെസ്റ്റ് വേ’ ബസിൽ 31ന് വിദ്യാർഥികളും ഇതരസംസ്ഥാനക്കാരും ഒഴികെയുള്ള എല്ലാ പുരുഷ യാത്രക്കാർക്കും സൗജന്യമായി യാത്ര ചെയ്യാം. പ്രിയദർശിനി പദ്ധതി 45 ദിവസങ്ങൾ പിന്നിട്ടപ്പോൾ അങ്കമാലി മേഖലയിലെ സ്വകാര്യ ബസ്സുകളുടെ അവസ്ഥ സർക്കാർ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി സ്വകാര്യ ബസുടമകൾ 31ന് രാവിലെ 10.30 ന് അങ്കമാലി ടൗണിൽ നടത്തുന്ന ധർണയുടെ ഭാഗമായാണ് ബെസ്റ്റ് വേ ബസ് സൗജന്യ യാത്ര ഒരുക്കുന്നത്. പ്രിയദർശിനി പദ്ധതി വന്നതുകൊണ്ട് മേഖലയിൽ വിഷമത്തിലായ റൂട്ടുകളിൽ ഒന്നാണ് അങ്കമാലി – കൊരട്ടി. 14 ബസുകളാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത്.സ്വകാര്യ ബസുകളിലും സ്ത്രീകൾക്ക് പൂജ്യം ടിക്കറ്റ് സമ്പ്രദായം നൽകാനും കിലോമീറ്റർ വാടക നിശ്ചയിച്ച് വരുമാനം സർക്കാരിലേക്ക് അടയ്ക്കാനും ഉൾപ്പെടെയുള്ള പരിഹാരമാർഗങ്ങൾ വിദഗ്ധസമിതിയെ ബസുടമകൾ അറിയിച്ചിട്ടുണ്ട്. ധർണ ബസ് ഓപ്പറേറ്റേഴ്സ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യ നാഷനൽ വൈസ് പ്രസിഡന്റ് എ. ജെ. റിജാസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന, ജില്ലാ ഭാരവാഹികളും വിവിധ ട്രേഡ് യൂണിയൻ നേതാക്കളും യോഗത്തിൽ പങ്കെടുക്കും.
Fashion ⏭️


