NEWS

രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് മുൻ ഐഎഎസ് ഓഫിസർ; ഉത്തർപ്രദേശിൽ മത്സരിക്കുമെന്ന് ദിവ്യാ മിത്തൽ


ലക്‌നൗ ∙ രാജിവച്ചതിനു ദിവസങ്ങൾക്കു ശേഷം രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് കേഡർ മുൻ ഐഎഎസ് ഉദ്യോഗസ്ഥ ദിവ്യാ മിത്തൽ. രാജിക്കു പിന്നാലെ ദിവ്യാ മിത്തലിന്റെ രാഷ്ട്രീയ നീക്കത്തെക്കുറിച്ച് ശക്തമായ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. വാർത്ത സ്ഥിരീകരിച്ച ദിവ്യാ മിത്തൽ, ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി കൈകോർക്കുന്നതിന് പകരം ജനങ്ങൾക്കൊപ്പം പ്രവർത്തിക്കുമെന്ന് പറഞ്ഞു. തന്റെ രാഷ്ട്രീയ യാത്ര ഉത്തർപ്രദേശിൽ നിന്നായിരിക്കും ആരംഭിക്കുന്നതെന്ന് അവർ പറഞ്ഞു. ഉത്തർപ്രദേശ് തന്റെ കർമ്മഭൂമിയാണെന്നും, തന്റെ രാഷ്ട്രീയ യാത്രയുടെ തുടക്കം ഈ സംസ്ഥാനമായിരിക്കുമെന്നും പറഞ്ഞ ദിവ്യ, എന്നാൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ ചേരില്ലെന്ന് വ്യക്തമാക്കി. ഉത്തർപ്രദേശിൽ നിന്ന് താൻ മത്സരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. നിർണ്ണായകമായ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ദിവ്യാ മിത്തലിന്റെ രാഷ്ട്രീയ പ്രവേശം. 2013 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ ദിവ്യ ഏകദേശം 13 വർഷത്തെ സേവനത്തിന് ശേഷമാണ് രാജിവച്ചത്. മിർസാപൂർ, ഡിയോറിയ തുടങ്ങിയ ജില്ലകളിൽ ജില്ലാ മജിസ്‌ട്രേറ്റ് ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മിർസാപൂരിലെ വിദൂര ഗ്രാമങ്ങളിൽ പൈപ്പ് വഴിയുള്ള കുടിവെള്ളം എത്തിച്ചതിലൂടെയാണ് അവർ ശ്രദ്ധേയയായത്. സ്വയം ‘ജനങ്ങളുടെ ശബ്ദം’ എന്ന് വിശേഷിപ്പിച്ചുകൊണ്ട്, ഉത്തരവാദിത്തം, നീതി, സാധാരണ പൗരന്മാർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്നിവയിലായിരിക്കും തന്റെ രാഷ്ട്രീയ യാത്ര ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് ദിവ്യ പറഞ്ഞു.അധ്യാപകർ, കർഷകർ, വിദ്യാർഥികൾ, ഡോക്ടർമാർ, തൊഴിലാളികൾ, അഭിഭാഷകർ എന്നിവരുൾപ്പെടെ സമൂഹത്തിന്റെ നാനാതുറകളിലുള്ളവരോട് തന്റെ പ്രയത്നത്തിൽ പങ്കുചേരാൻ ദിവ്യ ആഹ്വാനം ചെയ്തു. ‘അർഥവത്തായ രാഷ്ട്രീയ മാറ്റം കൂട്ടായ ജനകീയ പങ്കാളിത്തത്തിലൂടെ മാത്രമേ സാധ്യമാകൂ’ – ദിവ്യ പറഞ്ഞു.


Fashion ⏭️

Back to top button