NEWS

കിഫ്ബി സര്‍ക്കാരിന് വന്‍ ബാധ്യത, സര്‍വതും കണ്ണൂരിന്; കൂച്ചുവിലങ്ങിടാന്‍ ശുപാര്‍ശ


തിരുവനന്തപുരം∙ കിഫ്ബിയില്‍ സമഗ്രമായ അഴിച്ചുപണി നിര്‍ദേശിച്ച് വിദഗ്ധമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിയമസഭയില്‍. സുധാപിള്ള അധ്യക്ഷയായ സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കിഫ്ബി സര്‍ക്കാരിന് വന്‍ ബാധ്യതയാണെന്നും ഈ രീതിയില്‍ പ്രവര്‍ത്തനം തുടരേണ്ടതില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുവരെ 32,198.33 കോടിയുടെ ബാധ്യതയാണ് കിഫ്ബി ഉണ്ടാക്കിയിട്ടുള്ളത്. ഇനിയുള്ള പദ്ധതികള്‍ക്കായി 22883 കോടി രൂപ ആവശ്യവുമാണ്. ഭൂമി ഏറ്റെടുക്കലിനായി 11787.37 കോടിയാണു കൊടുക്കാനുള്ളത്. മോട്ടര്‍ വാഹന നികുതി, ഇന്ധന നികുതി എന്നിവ വഴി സര്‍ക്കാര്‍ 2026 സെപ്റ്റംബര്‍ 29 വരെ 26165.93 കോടിയാണ് കിഫ്ബിക്കു നല്‍കിയിട്ടുള്ളത്. കിഫ്ബി മൂലം സംസ്ഥാനത്തിന്റെ ബജറ്റ് കടമെടുപ്പില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ 25932.53 കോടി ഒഴിവാക്കുകയും ചെയ്തു. ഉദ്ദേശലക്ഷ്യങ്ങളില്‍നിന്നു വ്യതിചലിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിനു വന്‍സാമ്പത്തിക ബാധ്യതയാണുണ്ടാക്കിയതെന്നു സമിതി വിമര്‍ശിക്കുന്നു. വരുമാനമുള്ള പദ്ധതികള്‍ക്കായി രൂപകല്‍പന ചെയ്ത കിഫ്ബി 20.98 ശതമാനം ഫണ്ട് മാത്രമാണ് അത്തരം പദ്ധതികള്‍ക്കായി നല്‍കിയത്. ഈ ഇനത്തില്‍ പെടുന്ന 44 പദ്ധതികളില്‍ മൂന്നെണ്ണം മാത്രമാണു സ്വന്തം വരുമാനത്തില്‍നിന്ന് കടം തിരിച്ചടച്ചതെന്നും സമിതി വ്യക്തമാക്കുന്നു. വന്‍പലിശയ്ക്കു കടമെടുത്ത പണം മാസങ്ങളോളം ഉപയോഗിക്കാതെ വച്ചു. ചെലവുകള്‍ക്കും മറ്റും യാതൊരു നിയന്ത്രണവും ഉണ്ടായിരുന്നില്ല. 2025-26ല്‍ പരസ്യങ്ങള്‍ക്കായി 203.72 കോടി ചെലവിട്ടതും സമിതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 40 തസ്തികകള്‍ക്കാണ് അംഗീകാരമുള്ളതെങ്കിലും 409 ജീവനക്കാരാണുള്ളത്. 2016 മുതല്‍ 26 വരെ കിഫ്ബി വഴി നടത്തിയ പ്രവര്‍ത്തനങ്ങളുടെ പെര്‍ഫോര്‍മന്‍സ് ഓഡിറ്റ് സിഎജിയെ കൊണ്ട് അടിയന്തരമായി നടത്തണം എന്നതാണു സമിതയുടെ പ്രധാന ശുപാര്‍ശ. വിപണിയില്‍നിന്ന് കിഫ്ബി കടമെടുക്കുന്നത് അവസാനിപ്പിക്കണം. ഇതിനായി കിഫ്ബി നിയമത്തിലെ 8.9 വകുപ്പുകള്‍ ഒഴിവാക്കണം. കിഫ്ബിയുടെ ബാധ്യതകള്‍ അടച്ചുതീര്‍ക്കാനുള്ള വിഹിതം വാര്‍ഷിക ബജറ്റില്‍ ഉള്‍പ്പെടുത്തണം. മോട്ടര്‍ വാഹന നികുതിയുടെ വിഹിതവും ഇന്ധന സെസും നേരിട്ട് കിഫ്ബിയിലേക്കു പോകുന്നത് റദ്ദാക്കണം. നേരിട്ടുള്ള കടമെടുപ്പും പദ്ധതി നടത്തിപ്പും ഒഴിവാക്കുന്നതോടെ കിഫ്ബിയില്‍ ജീവനക്കകാരുടെ എണ്ണം കുറയ്ക്കണം. കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചവരെ കരാര്‍ അവസാനിക്കുന്നതു വരെ മാത്രം തുടരാന്‍ അനുവദിക്കണം.


Fashion ⏭️

Back to top button