വിവാഹത്തിന് മാസങ്ങൾ മാത്രം; വീഡിയോ കാളിന് പിന്നാലെ യുവതി ജീവനൊടുക്കി, പ്രതിശ്രുത വരൻ എറണാകുളത്ത് മരിച്ചനിലയിൽ

അമലും അനുശ്രീയും
കാസർകോട്: വിവാഹത്തിന് മാസങ്ങൾ മാത്രം ശേഷിക്കെ ബാങ്ക് ഉദ്യോഗസ്ഥരായ പ്രതി ശ്രുത വധുവും വരനും രണ്ടിടത്തായി ജീവനൊടുക്കി. പള്ളിക്കര കൂട്ടക്കനി സ്വദേശിനിയും എസ്.ബി.ഐ ഉദ്യോഗസ്ഥയുമായ യുവതിയെ കർണാടകയിലെ ഉൻസൂരിലെ താമസ സ്ഥലത്താണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ, പ്രതിശ്രുത വരനെ എറണാകുളത്തെ താമസ സ്ഥലത്തും മരിച്ച നിലയിൽ കണ്ടെത്തി.
ഇവരുടെ വിവാഹം ഡിസംബർ 26ന് നടത്താൻ തീരുമാനിച്ചിരുന്നതാണ്. കർണാടകയിലെ ഉൻസൂർ എസ്.ബി.ഐ ശാഖയിലെ ഉദ്യോഗസ്ഥയായ തയ്യിൽ വീട്ടിൽ കെ. ചന്ദ്രൻ–റീന ദമ്പതികളുടെ മകൾ പി. അനുശ്രീയാണ് (25) ആദ്യം മരിച്ചത്. ഇന്ന് ഉച്ചയോടെ, പ്രതിശ്രുത വരൻ കണ്ണൂർ ഇരിട്ടി അമ്പലത്തട്ട് വിളമന സ്വദേശിയും സുധാകരന്റെ മകനുമായ എസ്.ബിഐ എറണാകുളം എം.ജി റോഡ് ബ്രാഞ്ച് മാനേജർ അമലിനെ (26) എറണാകുളത്തെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.
മരിക്കുന്നതിന് മുമ്പ് അനുശ്രീ അമലിനെ വീഡിയോ കോൾ ചെയ്ത വിവരം പുറത്തു വന്നിട്ടുണ്ട്. ഇരുവരുടെയും മരണ കാരണം വ്യക്തമല്ല. നീലേശ്വരത്ത് മലബാർ ഗ്യാസ് ഡിസ്ട്രിബ്യൂഷൻ ഏജൻസി നടത്തി വരുകയാണ് അനുശ്രീയുടെ പിതാവ് ചന്ദ്രൻ. രണ്ടാമത്തെ മകൾ പി. ശ്രീലക്ഷ്മി കേരള പൊലീസ് സെലക്ഷൻ പരിശീലനത്തിലാണ്.
English Summary
Engaged couple Anushree (25) and Amal (26), both SBI employees, were found dead by suicide in separate locations months before their December 26 wedding. Anushree was discovered in Hunsur, Karnataka, and Amal in Ernakulam, Kerala. The reason for their deaths remains unclear, though Anushree reportedly video-called Amal before her demise.


