NEWS

രാജ്യത്തെ ആദ്യ വൈദ്യുതി ട്രക്ക് ഇടനാഴി ഒരുക്കാൻ കേരളം

തിരുവനന്തപുരം: ദേശീയപാത-66ൽ രാജ്യത്തെ ആദ്യ വൈദ്യുതി ട്രക്ക് ഇടനാഴി സജ്ജമാക്കാനുള്ള പദ്ധതി നിർദേശവുമായി കെ.എസ്.ഇ.ബി. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള 622 കിലോമീറ്ററിൽ വൈദ്യുതി ട്രക്കുകൾക്ക് ചാർജ്ജ് ചെയ്യാനുള്ള സൗകര്യമൊരുക്കുകയാണ് ലക്ഷ്യം. പഠന റിപ്പോർട്ട് കെ.എസ്.ഇ.ബി ഡൽഹിയിൽ നടന്ന ‘ഇന്ത്യ ക്ലീൻ ട്രാൻസ്‌പോർട്ട് സമ്മിറ്റ് -2026’ൽ പ്രകാശനം ചെയ്തു.
ഇന്റർനാഷണൽ കൗൺസിൽ ഓൺ ക്ലീൻ ട്രാൻസ്‌പോർട്ടേഷനുമായി (ഐ.സി.സി.ടി ) സഹകരിച്ച് നടത്തിയ പഠനത്തിൽ
12.5 മെഗാവാട്ട് ശേഷിയുള്ള ചാർജിംഗ് ശൃംഖല സജ്ജമാക്കണമെന്ന് ചൂണ്ടിക്കാട്ടുന്നു. തുക പി.എം ഇ-ഡ്രൈവ് പദ്ധതി പ്രകാരം പൊതുചാർജിംഗിനായി കേന്ദ്ര ഘനവ്യവസായ മന്ത്രാലയം വകയിരുത്തിയ 2,000 കോടിയിൽ നിന്ന് ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. കേരളത്തിൽ ചാർജിംഗ് ശൃംഖലയ്ക്കായി ഇതിനകം അനുവദിച്ച 63.12 കോടിയും വിനിയോഗിക്കാനാവും.

ഇ-ട്രക്കുകൾ ഭാവിയിൽ

നിരത്ത് കീഴടക്കും
# ഇ-ട്രക്കുകൾ ഭാവിയിൽ നിരത്ത് കീഴടക്കുമെന്ന കാഴ്ചപ്പാടോടെയായിരുന്നു പഠനം. 2030ന് ശേഷം ഇ-ട്രക്ക് ആവശ്യകത കുത്തനെ ഉയരും. 2050-ഓടെ ദേശീയപാത 66ൽ 204.5 മെഗാവാട്ട് ശേഷിവരുന്ന 1,939 ചാർജറുകളും 338 കോടിയുടെ നിക്ഷേപവും ആവശ്യമായി വരും. ഇടനാഴിയിലെ പ്രതിദിന ഗ്രിഡ് ഊർജ്ജ ആവശ്യകത 2030ൽ 32 മെഗാവാട്ട് (MWh) ആയും 2050-ഓടെ 833 മെഗാവാട്ട് ആയും ഉയരും.
# 4 ടോൾ പ്ലാസകളിൽ നിന്നുള്ള ഫാസ്റ്റ് ടാഗ് ഡേറ്റ, ട്രക്കുകളുടെ വിന്യാസം, 13,355 ട്രക്കുകളിൽ നിന്നുള്ള ജി.പി.എസ് വിവരങ്ങൾ, പാർക്കിംഗ് വിവരങ്ങൾ എന്നിവ അടിസ്ഥാനമാക്കിയായിരുന്നു പഠനം. ഇതിന്റെ അടിസ്ഥാനത്തിൽ

എത്ര ചാർജറുകൾ വേണം, ഏത് തരം , എവിടെയൊക്കെ തുടങ്ങിയ കാര്യങ്ങളും പഠനത്തിൽ പറയുന്നുണ്ട്.

—————–
‘ദേശീയപാത 66-ൽ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ട്രക്ക് ഇടനാഴി നിർമ്മിക്കുന്നതിലൂടെ, ചരക്ക് ഗതാഗതത്തിന്റെ വൈദ്യുതീകരണം എങ്ങനെ പ്രായോഗികമാക്കാമെന്ന് കെ.എസ്.ഇ.ബി തെളിയിക്കുകയാണ്’

-എം.പി രാജൻ ,

കെ.എസ്.ഇ.ബി ജനറേഷൻ

ആൻഡ് റീസ് വിഭാഗം ഡയറക്ടർ

Read News ⏭️

Back to top button