NEWS

ബീഫ് കറിയിൽ ചത്ത പാറ്റ; പട്ടാമ്പിയിലെ കി‌സ്‌മത്ത് ഹോട്ടലിനെതിരെ പരാതി

വൃത്തത്തിനുള്ളിൽ പാറ്റ

പാലക്കാട് : ഹോട്ടലിൽനിന്ന് വാങ്ങിയ ബീഫ് കറിയിൽ ചത്ത പാറ്റയെ കണ്ടെത്തിയതായി പരാതി. പാലക്കാട്ടെപട്ടാമ്പി ബസ് സ്റ്റാൻഡ് പരിസരത്തെ കിസ്മത്ത് ഹോട്ടലിനെതിരെയാണ് പരാതി ഉയർന്നത്. സംഭവത്തെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും പട്ടാമ്പി നഗരസഭയുടെയും നേതൃത്വത്തിൽ പരിശോധന നടത്തി.

വള്ളൂർ സ്വദേശി മണികണ്ഠനും കുടുംബവും ഇന്ന് രാവിലെ 8.30ഓടെയാണ് പട്ടാമ്പി ബസ് സ്റ്റാൻഡ് പരിസരത്തെ ഹോട്ടലിലെത്തിയത്. പൊറോട്ടയും ബീഫ് കറിയും ഓർഡർ ചെയ്ത ഇവർക്ക് ഭക്ഷണം ലഭിപ്പോഴാണ് ബീഫ് കറിയിൽ ചത്ത പാറ്റയെ കണ്ടെത്തിയത്. തുടർന്ന് മണികണ്ഠൻ പാറ്റയടങ്ങിയ ഭക്ഷണവുമായി പട്ടാമ്പി നഗരസഭ അധികൃതരെ സമീപിച്ചു. ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും ഹെൽത്ത് ഇൻസ്‌പെക്ടറും ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി.

ഹോട്ടലിൽ ഭക്ഷണം പാകം ചെയ്യുന്നതും സൂക്ഷിക്കുന്നതും വൃത്തിഹീനമായ സാഹചര്യത്തിലാണെന്ന് പരിശോധനയിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ഹോട്ടൽ ഉടമയ്‌ക്കെതിരെ നടപടിയെടുക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ പട്ടാമ്പി ബസ് സ്റ്റാൻഡ് പരിസരത്തെ മറ്റ് ഹോട്ടലുകളിലും ബേക്കറികളിലും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. ഭക്ഷണം പാകം ചെയ്യുന്നതിലും സൂക്ഷിക്കുന്നതിലും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.

English Summary

A complaint was filed after a dead cockroach was allegedly found in beef curry served at Kismath Hotel near the Pattambi bus stand in Palakkad. Following the complaint, Pattambi Municipality and health officials inspected the hotel and reportedly found unhygienic conditions.

Read News ⏭️

Back to top button