NEWS

സമരത്തിന്റെ പേരിൽ പിടിവാശി: രോഗിയോട് കരുണയില്ലാതെ ആംബുലൻസ് ഡ്രൈവർമാർ


ചെറുതോണി ∙ ഇടുക്കി മെഡിക്കൽ കോളജിൽനിന്ന് അടിയന്തരമായി കോട്ടയം മെഡിക്കൽ കോളജിൽ എത്തിക്കാൻ നിർദേശിച്ച രോഗിയുടെ ജീവൻ ആംബുലൻസ് ഡ്രൈവർമാർ പന്താടിയത് മണിക്കൂറുകൾ. 108 ആംബുലൻസുകൾ സമരത്തിലാണെന്ന കാരണം പറഞ്ഞാണ് ആശുപത്രിയുടെ വാതിൽക്കൽ കിടന്ന ആംബുലൻസിന്റെ ഡ്രൈവർ രോഗിയെ കൊണ്ടുപോകാൻ തയാറാകാതിരുന്നത്. രക്തസമ്മർദം കൂടി ഇന്നലെ രണ്ടരയോടെ ചികിത്സയ്ക്കെത്തിയ വാഴത്തോപ്പ് സ്വദേശിയാണു ദുരനുഭവം നേരിട്ടത്. തലച്ചോറിൽ രക്തസ്രാവമുള്ളതിനാൽ കോട്ടയത്തേക്കു കൊണ്ടുപോകാൻ ഡോക്ടർ നിർദേശിച്ചു.വണ്ടിക്കൂലിക്കു പണമില്ലാത്തതിനാൽ കോട്ടയത്തേക്കു കൊണ്ടുപോകാൻ ബന്ധുക്കൾക്കു കഴിഞ്ഞില്ല. വൈകിട്ട് 6 ആയിട്ടും രോഗിയെ കൊണ്ടുപോകാതായതോടെ കോൺഗ്രസ് ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റ് ബിനോയി വർക്കി ഇടപെട്ടു. തുടർന്നു 108 ആംബുലൻസ് വിളിച്ചപ്പോൾ ഡ്രൈവർമാർ സമരത്തിലാണെന്നും വരാൻ പറ്റില്ലെന്നുമായിരുന്നു മറുപടി. ഏറെനേരം ചർച്ച നടത്തിയിട്ടും തീരുമാനമായില്ല. ഇതിനിടെ രോഗിയുടെ നില വഷളായി. ഒടുവിൽ രാത്രി എട്ടോടെയാണ് ഡ്രൈവർ ആംബുലൻസ് എടുത്തത്.


Fashion ⏭️

Back to top button